ഫീസ് കുത്തനെ കൂട്ടി; അരിയങ്ങാടി സ്തംഭിച്ചു

Sunday 17 August 2025 12:51 AM IST

തൃശൂർ: അരിയങ്ങാടിയിൽ വാഹനങ്ങളുടെ മാർക്കറ്റ് ഫീസിനെച്ചൊല്ലി മണിക്കൂറുകളോളം ചരക്ക് നീക്കം സ്തംഭിച്ചു. ലോറികളുടെ മാർക്കറ്റ് ഫീസ് കൂട്ടിയതുമായി ബന്ധപ്പെട്ട് കോർപറേഷന്റെ കരാറുകാരൻ പുതുക്കിയ കോടതി ഉത്തരവുമായി എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കോർപറേഷൻ അധികൃതരും വാഹന ഉടമകളും കടക്കാരും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിൽ വിശദമായി പ്രശ്‌നം ചർച്ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഉച്ചയോടെ ചരക്ക് നീക്കം പുനരാരംഭിച്ചത്. നേരത്തെ 16 ചക്രം ലോറിക്ക് 140 രൂപ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം 649 രൂപ നൽകണം. 12 ചക്രത്തിന് 80 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 265 നൽകണം.