കുരുക്ക് മുറുകാൻ കാരണം കമ്പനിയും
- ആംബുലൻസ്, ക്രെയിൻ സൗകര്യങ്ങൾ നിറുത്തി
തൃശൂർ: മുരിങ്ങൂർ ജംഗ്ഷനിൽ തടിലോറി മറിഞ്ഞ് ഇന്നലെ പുലർച്ചെ മുതൽ ഉച്ചവരെ നീണ്ട കുരുക്കിന് ടോൾ കമ്പനിയുടെ പ്രവർത്തനം നിറുത്തിയതും പ്രധാനകാരണം. പാലിയേക്കരയിൽ ടോൾപിരിവ് നിറുത്തണമെന്ന് സുപ്രീകോടതി ആവശ്യപ്പെട്ടശേഷം ആംബുലൻസ്, ക്രെയിൻ സൗകര്യങ്ങൾ കരാർ കമ്പനി പൂർണമായും നിറുത്തിയിരുന്നു.
തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള മുരിങ്ങൂർ ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തടിലോറി മറിഞ്ഞപ്പോഴും വിനയായത് ഇതുതന്നെ. ക്രെയിൻ ലഭിക്കാതെ വന്നതിനെ തുടർന്ന് റോഡിലെ കരുക്കഴിക്കാൻ വൈകി. ഹൈവേ പൊലീസ് ഇടപെട്ട് മറ്റൊരു ക്രെയിൻ സംഘടിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കുമ്പോഴേക്കും കുരുക്ക് മുറുകി. ലോറിക്കാരനിൽ നിന്നും തുക ഈടാക്കിയായിരുന്നു ക്രെയിൻ സംഘടിപ്പിച്ചതത്രെ. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാറുള്ള 1033 എന്ന നമ്പറിൽ വിളിച്ചാലും രക്ഷയില്ല.
ഓണത്തിന് മുൻപ് ടാറിംഗ്
ഓണാവധിക്ക് മുൻപ് വെറ്റ് മിക്‌സ് ഉപയോഗിച്ച് ഓവർലേ ചെയ്ത് ടാറിംഗ് നടത്താനാണ് ദേശീയപാതാ അതോറിറ്റി അധികൃതരുടെ ആലോചന. വാഹനസാന്ദ്രതയനുസരിച്ച് എട്ടുവരിയെങ്കിലും വേണ്ടിടത്ത് ഇപ്പോഴുള്ളത് വെറും 45 മീറ്റർ റോഡും ആറേകാൽ മീറ്റർ സർവീസ് റോഡും മാത്രം. 105000 പി.സി.യു (പാസഞ്ചർ കാർ യൂണിറ്റ്) ആണ് ഇടപ്പള്ളി മണ്ണുത്തി റോഡിലെ വാഹനസാന്ദ്രത. ഇതിലൂടെ ഓടുന്ന എല്ലാ വാഹനങ്ങളെയും കാറിന്റെ യൂണിറ്റിലാക്കുന്ന ഏകകമാണ് പി.സി.യു. 60000 പി.സി.യുവിന് ആറുവരിയും 80000 പി.സി.യുവിന് എട്ടുവരിയും വേണമെന്നിരിക്കെ ഒരുലക്ഷത്തിലേറെ സാന്ദ്രതയുണ്ടായിട്ടും രണ്ടുവരി മാത്രം.
മഴയ്ക്കുശേഷം ടാറിംഗ് ദ്രുതഗതിയിൽ നടത്തും. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ കല്ലിടുക്കിൽ ചൊവ്വാഴ്ച ടാറിംഗ് നടത്തിയിരുന്നു. കുരുക്ക് ഏറെയുള്ള മുരിങ്ങൂരിലെയും ആമ്പല്ലൂരിലെയും സർവീസ് റോഡുകൾ ഉൾപ്പെടെ ഉടൻ ടാർ ചെയ്യും. കോയമ്പത്തൂരിലെ പ്ലാന്റിൽ ടാർ മിക്‌സ് ഉൾപ്പെടെ തയ്യാറാക്കി വച്ചിട്ടുണ്ട്.
-അൻസിൽ ഹസൻ, എൻ.എച്ച്.എ പ്രൊജക്ട് ഡയറക്ടർ
"ഊടുപാടും" വലഞ്ഞ് നാട്ടാരും
ചാലക്കുടി: ഗതാഗതക്കുരുക്ക് ജനജീവിതത്തെയും ബാധിച്ചതോടെ ദേശീയ പാതയിലൂടെയുള്ള യാത്ര നാട്ടുകാർക്ക് അന്യമാകുന്നു. തൊട്ടടുത്ത സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർ ഗ്രാമ വീഥികളിലൂടെ കിലോ മീറ്ററുകൾ ചുറ്റി വളയേണ്ട അവസ്ഥയാണ്. ചാലക്കുടിയിൽ നിന്ന് തൊട്ടടുത്ത കറുകുറ്റി ആശുപത്രിയിലേയ്ക്ക് പോകണമെങ്കിലും മേലൂർ വഴി കിലോ മീറ്ററുകൾ അധികം സഞ്ചരിക്കണം. കൊരട്ടിയിൽ നിന്നും തൃശൂരിലേയ്ക്കുള്ളവരും കാടുകുറ്റിയിലെ ഊടുവഴികൾ താണ്ടുകയാണ്. ഇതോടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്. എല്ലാ കൊച്ചു വഴികളിലും നിറയെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോൾ അവരുടെ ടൗണിലേയ്ക്കുള്ള യാത്രകളാണ് ദുരിത്തിലാകുന്നത്. റോഡുകളെല്ലാം തകർന്നതും മറ്റൊരു ദുരിതമായി. ആട്ടോ ഡ്രൈവർമാരും ഓട്ടമില്ലാതെ നട്ടം തിരിയുകയാണ്. മഴക്കാലത്ത് കൂടുതൽ ഓട്ടം കിട്ടേണ്ട സമയത്താണ് ഈ ദുർവിധി. ചെറുകിട കച്ചവടക്കാരും അങ്കലാപ്പിലാണ്. വാഹനങ്ങൾ തിരിച്ചു വിടുന്ന വഴികൾ
തൃശൂർ എറണാകുളം റൂട്ട്............
1. കൊടകര, അഷ്ടമിച്ചിറ, മാള വഴി. 2. പോട്ട, കൊമ്പിടിഞ്ഞാമാക്കൽ,അഷ്ടമിച്ചിറ,മാള വഴി. 3. ചാലക്കുടി, അഷ്ടമിച്ചിറ, അന്നമനട വഴി. 4. ചാലക്കുടി, വെട്ടുകടവ്, മേലൂർ, ചിറങ്ങര വഴി. 5, മുരിങ്ങൂർ ഡിവൈൻ അടിപ്പാത, കാടുകുറ്റി വഴി.