ജ്യോതി മൽഹോത്രയ്‌ക്കെതിരെ 2,500 പേജുള്ള കുറ്റപത്രം; ചാരവൃത്തി നടത്തിയതിന് ശക്തമായ തെളിവ്

Sunday 17 August 2025 12:53 AM IST

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് യുട്യൂബർ ജ്യോതി മൽഹോത്രയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി 2,500ൽപ്പരം പേജുള്ള കുറ്റപത്രം ഹിസാറിലെ കോടതിയിൽ സമ‌ർപ്പിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ ഏജന്റുമാരുമായി ജ്യോതി നിരന്തരം ആശയവിനിമയം നടത്തി. നിർണായക രഹസ്യങ്ങൾ പാക് ഏജന്റുമാർക്ക് കൈമാറി. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചതായും കോടതിയെ അറിയിച്ചിട്ടുണ്ട്.

രണ്ടുതവണ

പാകിസ്ഥാനിൽ പോയി

ജ്യോതി മൽഹോത്ര തുടക്കകാലത്ത് ബ്ലോഗറായിരുന്നു. പിന്നീട് അറിയപ്പെടുന്ന യുട്യൂബറായി. പാകിസ്ഥാനിലെ സന്ദർശനത്തിനിടെയാണ് ഐ.എസ്.ഐ ഏജന്റുമാരെ പരിചയപ്പെടുന്നത്. പിന്നീട് അവരുടെ പ്രധാനപ്പെട്ട ആളായി. രണ്ടുതവണ പാകിസ്ഥാനിൽ പോയി. ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായിരുന്ന എഹ്‌സാൻ ഉർ റഹീം എന്ന ഡാനിഷ് അലിയുമായി ജ്യോതി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഫൊറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിർണായകമായി. 2023 നവംബർ മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്. ചാരവൃത്തി നടത്തിയതിന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥനാണ് ഡാനിഷ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നടപടി. ഷാക്കിർ, ഹസൻ അലി, നാസിർ ധില്ലൻ എന്നീ ഐ.എസ്.ഐ ചാരന്മാരുമായും ജ്യോതിക്ക് ബന്ധമുള്ളതായി കുറ്റപത്രത്തിൽ പറയുന്നു. ചൈനയും നേപ്പാളും സന്ദർശിച്ചിരുന്നു. കഴിഞ്ഞ മേയ് 16നാണ് ഹരിയാനയിലെ ഹിസാറിൽ ജ്യോതി അറസ്റ്റിലായത്.