ജമ്മു കാശ്മീർ മിന്നൽ പ്രളയം; മരണം 65 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

Sunday 17 August 2025 1:02 AM IST

ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച ജമ്മു കാശ്‌മീരിലെ ചഷോത്തിയിൽ മരണസംഖ്യ 65 ആയി ഉയർന്നു. 46 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബന്ധുക്കൾക്ക് കൈമാറി. കിഷ്‌ത്വാർ, ജമ്മു, ഉധംപുർ, ദോഡ മേഖലകളിൽ നിന്നുള്ളവരാണ് മരിച്ചവരിലേറെയും. 100ലേറെ പേർക്ക് പരിക്കേറ്റു. ആഗസ്റ്റ് 14ന് മേഘവിസ്‌ഫോടനത്തിന് പിന്നാലെയായിരുന്നു മിന്നൽപ്രളയം. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. മേഖലയിൽ ഊ‌ജ്ജിത തെരച്ചിൽ തുടരുകയാണ്. ഡ്രോണുകളും ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറുകളും ഉൾപ്പെടെ ഉപയോഗിക്കുന്നു. മേഖലയിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് തുറന്നിട്ടുണ്ട്.

നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഇന്നലെ ദുരന്തമേഖല സന്ദർശിച്ചു. ദുരന്തബാധിതരെ കണ്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചു. നിസാര പരിക്കേറ്റവർക്ക് 5000 രൂപ വീതം നൽകും. പൂർണമായി തകർന്ന കെട്ടിടങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, ഭാഗികമായി തകർന്നവയ്‌ക്ക് 50000 വീതവും നൽകും. കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ്, ജമ്മു കാശ്‌മീർ ഡി.ജി.പി നളിൻ പ്രഭാതിനൊപ്പം വെള്ളിയാഴ്ച രാത്രി ചഷോത്തി ഗ്രാമം സന്ദർശിച്ചിരുന്നു.

ഹിമാചലിൽ മരണം

257 ആയി

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 257 പേർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘവിസ്‌ഫോടനം, മിന്നൽപ്രളയം, മണ്ണിടിച്ചിൽ എന്നിവയുണ്ടായതിനെ തുടർന്നാണിത്. രണ്ട് ദേശീയപാതകളടക്കം 406 റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 222 ജലവിതരണ പദ്ധതികളും, 457 വൈദ്യുതി വിതരണ ട്രാൻസ്‌ഫോമറുകളും തകരാറിലായി.