ഹുമയൂൺ അപകടം; മരണം ഏഴായി
Sunday 17 August 2025 1:03 AM IST
ന്യൂഡൽഹി: കനത്ത മഴയിൽ നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ഷരീഫ് പത്തേ ഷാ ദർഗയുടെ ഒരു ഭാഗം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് മുറികളുള്ള ദർഗയുടെ മേൽക്കൂരയും ചുമരിന്റെ ഒരു ഭാഗവുമാണ് സന്ദർശകർക്ക് മുകളിലേക്ക് തകർന്നു വീണത്. നാലു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്നരയോടെയായിരുന്നു അപകടം. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. അറ്റകുറ്റപണി നടത്തുന്നതിലും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പരിക്കേറ്റ അഞ്ചു പേർ ചികിത്സയിലാണ്. അതേസമയം,മഴക്കെടുതിയിൽ ഒരാഴ്ചയ്‌ക്കിടെ ഡൽഹിയിൽ മരിച്ചത് 17 പേർ. മതിൽ തകർന്നും മരം വീണും വെള്ളക്കെട്ടിൽ അകപ്പെട്ടുമാണ് മരണങ്ങൾ.