ബംഗളൂരുവിലെ ഫ്‌ളോർ മാറ്റ് നിർമ്മാണശാലയിൽ തീപിടിത്തം; 5 മരണം
ബംഗളൂരു: ബംഗളൂരുവിലെ ഫ്‌ളോർ മാറ്റ് നിർമ്മാണശാലയിലുണ്ടായ തീപ്പിടിത്തതിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശി മദൻകുമാർ (38), ഭാര്യ സംഗീത (33), മക്കളായ നിതേഷ് (7), വിഹാൻ (5) എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് (36) ആണ് മരിച്ചത്. നഗരത്പേട്ടയിലെ കെട്ടിടത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമ്മിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഫയർ ആൻഡ് എമർജൻസി സർവീസ് ടീമുകളും ആറ് ടെൻഡറുകളും സ്ഥലത്തെത്തി 10 മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റു.