ഓപ്പറേഷൻ സിന്ദൂർ: 50ലേറെ പേർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ
കറാച്ചി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങളുടെ 13 സൈനികർ അടക്കം 50ലേറെ പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ബോലാരി എയർബേസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സ്‌ക്വാഡ്രൺ ലീഡർ കൊല്ലപ്പെട്ടു. നൂർ ഖാൻ അടക്കം വിവിധ സൈനിക കേന്ദ്രങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. 14ന് പാക് സ്വാതന്ത്റ്യദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികർക്ക് സർക്കാർ മരണാനന്തര ബഹുമതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തായത്. അതേ സമയം, നൂറിലേറെ സൈനികർ കൊല്ലപ്പെട്ടെന്നും പറയപ്പെടുന്നുണ്ട്. ഇതിനിടെ, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. 6-7 വിമാനങ്ങൾ തകർന്നെന്നും പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയില്ല. ആറ് മാസത്തിനിടെ ഇന്ത്യ-പാക് ഏറ്റുമുട്ടൽ അടക്കം ആറ് സംഘർഷങ്ങൾ അവസാനിപ്പിച്ചെന്നാണ് ട്രംപിന്റെ വാദം. ട്രംപിന്റെ വാദങ്ങൾ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.