ഹേമചന്ദ്രൻ വധക്കേസ്; ഒരാൾ കൂടി പിടിയിൽ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

Sunday 17 August 2025 8:16 AM IST

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യുവിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സാമ്പത്തിക തർക്കത്തെ തുടർന്ന് 2024 മാർച്ച് 20നാണ് വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഹേമചന്ദ്രനെ കബളിപ്പിച്ച് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് വയനാട്ടിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി, മൃതദേഹം ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടു.

നൗഷാദാണ് കൊലപാതകം ആസൂത്രണം ചെ‌യ്‌തത്. ഇയാളും മൂന്ന് സുഹൃത്തുക്കളും നേരത്തെ പിടിയിലായിരുന്നു. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വെൽബിൻ മാത്യുവും കാറിലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടാതെ പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റിൽ സാക്ഷിയായി ഇയാളും ഒപ്പിട്ടിട്ടുണ്ട്.