അനുമതിയില്ലാതെ റോഡിൽ യു ടേൺ എടുത്ത  ട്രക്കിലേക്ക്   കാ‌ർ  പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

Sunday 17 August 2025 10:07 AM IST

ഫ്ലോറിഡ:അനുമതിയില്ലാത്ത റോ‌ഡിൽ യു ടേൺ എടുക്കാൻ ശ്രമിക്കവെ ട്രക്കിലേക്ക് കാറ് പാഞ്ഞുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഫ്ലോറിഡയിലെ ടേൺപൈക്കിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരണപ്പെട്ടു. അപകടം നടന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ട്രക്ക് ഡ്രൈവർ അശ്രദ്ധമായി യു ടേൺ എടുക്കുന്നതും കാർ അമിത വേഗതയിൽ ട്രക്കിൽ പാഞ്ഞ് കയറുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രക്കിന്റെ ട്രെയിലറിനടിയിൽ കുടുങ്ങിയാണ് കാർ യാത്രികർക്ക് ദാരുണാന്ത്യം സംഭവിച്ചത്.

കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ യുവാവാണ് ട്രക്ക് ഓടിച്ചിരുന്നത്. ഡ്രൈവറെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ട്രക്ക് ഡ്രൈവർക്കെതിരെ ഉയരുന്നത്. ഔദ്യോഗിക ഉപയോഗത്തിന് മാത്രമുള്ള ടേൺഎറൗണ്ടുകൾ പൊതുഗതാഗതത വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇവിടെ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് വകവയ്ക്കാതെയാണ് ട്രക്ക് തിരിയാൻ ശ്രമിച്ചതും ഗുരുതര അപകടം ക്ഷണിച്ചു വരുത്തിയതും.