മണിക്കൂറിൽ 110 കി.മീ വേഗത്തിൽ ചീറിപ്പായും; ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തും, ലോകത്തെ അഞ്ചാമത്തെ രാജ്യം
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണം പൂർത്തിയായി. പെരമ്പൂർ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പൂർത്തിയായത്. പുതിയ ട്രെയിൻ നോർത്തേൺ റെയിൽവെയ്ക്ക് കൈമാറിയ ശേഷം ഹരിയാനയിലെ സോനിപത്- ജിന്ദ് പാതയിൽ ഇതിന്റെ പരീക്ഷണ ഓട്ടം ഉടനുണ്ടാകുമെന്ന് റെയിൽവെ അറിയിച്ചു. ഇതോടെ, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വിന്യസിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തവും നീളമേറിയതുമായ ട്രെയിനായിരിക്കും ഇന്ത്യയുടേത്. ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. ഓരോ പവർ കാറും പ്രത്യേകം രൂപകൽപ്പന ചെയ്ത സിലിണ്ടറുകളിൽ 350 ബാർ മർദ്ദത്തിൽ 220 കിലോഗ്രാം ഹൈഡ്രജൻ വഹിക്കും എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. നിരീക്ഷണ ക്യാമറകളും സ്വയം പ്രവർത്തിക്കുന്ന വാതിലുകളുമുണ്ടാകും.
ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങൾ പുറന്തള്ളുകയില്ല എന്നുള്ളതിനാൽ യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ മറ്റൊരു പ്രത്യേകത.1200 കുതിരശക്തിയുള്ള എഞ്ചിനുകളാണ് ഹൈഡ്രജൻ തീവണ്ടിക്കുള്ളത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.