'സാമ്പത്തിക ഇടപാടുകൾ നടന്നത് പ്രധാന നേതാക്കള്‍ അറിഞ്ഞുകൊണ്ട്';   സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരിച്ച് വി ഡി  സതീശൻ

Sunday 17 August 2025 2:47 PM IST

കൊച്ചി: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരമാർശിച്ച് വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ പരാതി കത്ത് ചോർന്ന സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2021ൽ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയെന്നു പറയുന്ന കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടി വച്ചതെന്ന് സതീശൻ ചോദിച്ചു. ഇത്രയും കാലം സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

ചെന്നൈയില്‍ താമസിക്കുന്ന മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറിയിരിക്കുകയാണ്. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സി.പി.എം നേതാക്കളും പ്രധാനപ്പെട്ട സി.പി.എം നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടെ നിരവധി പേര്‍ സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്നാണ് കത്തില്‍ പറയുന്നത്. 2021 ല്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയെന്നു പറയുന്ന കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടി വച്ചത്.

കിങ്ഡം സെക്യൂരിറ്റി സര്‍വീസ് എന്ന പേരില്‍ ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ എത്തിച്ച് കേരളത്തിലെ സി.പി.എം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു എന്നതാണ് കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ബാങ്ക് അക്കൗണ്ടുകള്‍ മുഖേന തന്നെ വൻതുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നടന്ന ഒരു പ്രോജക്ടുമായി ബന്ധപ്പെട്ടും വൻതുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ആരോപണ വിധേയനായ ആളുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബിസിനസ് ചെയ്യുന്നുണ്ടെന്നുമുള്ള ആരോപണം വന്നിട്ടുണ്ട്. സി.പി.എം നേതാക്കളുടെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന ആളാണ് ആരോപണ വിധേയന്‍. റിവേഴ്‌സ് ഹവാല ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ആരോപണ വിധേയനായ വ്യക്തിയുമായി കേരളത്തിലെ സി.പി.എം നേതാക്കള്‍ നടത്തിയിട്ടുണ്ടെന്നാണ് കത്തില്‍ വെളിപ്പെട്ടിരിക്കുകയാണ്.

കത്ത് പുറത്തു വന്നതു തന്നെ വിവാദമായിരിക്കുകയാണ്. ആരോപണ വിധേയനായ ആള്‍ തന്നെ തനിക്കെതിരെ വ്യവസായി നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കിയത് എന്തിനാണ്? മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അപകീര്‍ത്തി കേസില്‍ പി.ബിക്ക് നല്‍കിയ കത്ത് രേഖയായി ചേര്‍ത്തിരിക്കുന്നത്. കത്ത് എങ്ങനെ ചോര്‍ന്നു എന്നതാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത്. ഇത്രയും കാലം സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഇതേക്കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക കൈമാറ്റം നടന്നിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം.

സര്‍ക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആരോപണ വിധേയന്‍ വന്നപ്പോള്‍ പരാതിക്കാരനായ വ്യവസായിയുടെ ഇടപെടലിലാണ് അയാളെ ഒഴിവാക്കിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേക പ്രതിനിധിയാകാന്‍ ഈ വ്യക്തിക്ക് എന്ത് ബന്ധമാണുള്ളത്? അദ്ദേഹത്തെ കുറിച്ച് ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കും എന്ത് പങ്കാണുള്ളത്? സി.പി.എമ്മിന്റെ ആരും കാണാത്ത മുഖമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത്രയും കാലം എന്തുകൊണ്ടാണ് കത്ത് മറച്ചുവച്ചതെന്നും ആരോപണങ്ങളെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കണം.

കത്ത് ഔദ്യോഗിക രേഖയായി കോടതിയില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയന്‍ തന്നെയാണ് കത്ത് കോടതിയില്‍ എത്തിച്ചിരിക്കുന്നത്. പി.ബിക്ക് നല്‍കിയ കത്ത് സി.പി.എം സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ മൂടിവച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനാണ് കത്ത് പുറത്തു വിട്ടതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകന് സാമ്പത്തിക ഇടപാടില്‍ എന്ത് പങ്കാണുള്ളത്? പി.ബിക്ക് നല്‍കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കയ്യില്‍ എത്തിയത്? ദുരൂഹതകള്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ വെളിപ്പെടുത്തട്ടെ. നിരവധി സി.പി.എം നേതാക്കളുടെ പേര് കത്തിലുണ്ട്. സി.പി.എം നേതാക്കളുമായി ബന്ധമുള്ളതു കൊണ്ടാണ് അയാളെ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തിക ഇടപാട് നടത്തിയവരുടെ പേര് കത്തിലുണ്ട്. കടലാസ് കമ്പനി രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.