ജില്ലയിൽ ആറ് ബഡ്സ് സ്‌കൂളുകൾ കൂടി
Monday 18 August 2025 12:43 AM IST
കോട്ടയം : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ജില്ലയിൽ ആറ് ബഡ്സ് സ്‌കൂളുകൾ കൂടി ആരംഭിക്കും. മീനച്ചിൽ, എലിക്കുളം, വെള്ളൂർ, പള്ളിക്കത്തോട്, കുറിച്ചി, തിരുവാർപ്പ് എന്നിവിടങ്ങളിലാണ് പുതിയ സ്കൂളുകൾ. ഇതോടെ 12 ബഡ്സ് സ്കൂളുകളാവും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസം നൽകുന്ന സ്കൂളിൽ അഞ്ചുമുതൽ 18 വയസുവരെ പ്രായമുള്ളവർക്ക് സവിശേഷ വിദ്യാഭ്യാസം നൽകുന്നു. 18 കഴിഞ്ഞവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെ പ്രാദേശിക പുനരധിവാസവും തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. ഒരു അദ്ധ്യാപകന്റെയും ആയയുടെയും സേവനമാണ് സ്‌കൂളുകളിൽ ഉണ്ടാവുക. കുട്ടികൾക്കുള്ള ഭക്ഷണ വാഹനസൗകര്യവുമുണ്ട്.