ബാലനുമായി ചിദംബരം

Monday 18 August 2025 6:14 AM IST

ബ്ളോക് ബസ്റ്ററായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ കോവളത്ത് ചിത്രീകരണം ആരംഭിച്ചു.രസകരമായ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ബാലന് എറണാകുളത്തും വയനാട്ടിലും കണ്ണൂരും ചിത്രീകരണമുണ്ട്. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്നു. വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രം 'ടോക്സിക്' എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള

നിർമ്മാണ സംരംഭം ആണ് ബാലൻ. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണയും തെസ്പിയൻ ഫിലിംസിന്റെ ബാനറിൽ ഷൈലജ ദേശായി ഫെന്നും ചേർന്നാണ് നി‌ർമ്മാണം.മഞ്ഞുമ്മൽ ബോയ് സിന്റെ അണിയറ പ്രവർത്തകരുമായാണ് ചിദംബരം ബാലനുമായി എത്തുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്നു. അജയൻ ചാലിശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് - വിവേക് ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.