നാലുപതിറ്റാണ്ടായി പയ്യന്നൂരിന്റെ ഓണരാജാവ് മാവേലിയെന്നാൽ മദനൻ മാരാർ

Monday 18 August 2025 12:16 AM IST
മദനന്‍ മാരാര്‍ മാവേലി വേഷത്തില്‍

കണ്ണൂർ: ചിങ്ങം പിറന്നതോടെ പയ്യന്നൂരിലെ ജനങ്ങൾ കാത്തിരിക്കുന്നത് മറ്റൊരു വരവിനാണ്, തങ്ങളുടെ പ്രിയപ്പെട്ട മാവേലി മന്നന്റെ വരവിന്. പയ്യന്നൂരിന് മാവേലി എന്ന് പറഞ്ഞാൽ മദനൻ മാരാരാണ്. നാല് പതിറ്റാണ്ടിലേറെയുള്ള പയ്യന്നൂരിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നാമമാണ് മദനൻ മാരാറെന്ന മാവേലി. 1980ൽ ആരംഭിച്ച ഈ രാജകീയ വേഷപ്പകർച്ച ഇന്ന് പയ്യന്നൂരിന്റെ തന്നെ ഐഡന്റിറ്റിയാണ്.

മദനൻ മാരാർ മാവേലി വേഷത്തിൽ അരങ്ങിൽ പ്രത്യക്ഷപ്പെടുന്ന നിമിഷം അവിടെ ഒരു അത്ഭുത പരിവർത്തനമാണ്. കുടവയറും കൊമ്പൻ മീശയും തിളക്കമുള്ള കണ്ണുകളും മനസ്സു കവരുന്ന പുഞ്ചിരിയും പുരാണങ്ങളിൽ നിന്ന് ഇറങ്ങിവന്ന മാവേലിയുടെ സമ്പൂർണതയാണ്. പലതരത്തിലുള്ള മാവേലി വേഷങ്ങൾ കാണാമെങ്കിലും മദനൻമാരാരുടെ മാവേലിക്ക് മറ്റൊരു തേജസ്സുണ്ടെന്ന് പയ്യന്നൂർ നിവാസികൾ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

മാവേലിയില്ലാത്ത ഓണാഘോഷം അചിന്തനീയമായ ഈ കാലത്ത്, മാവേലി വേഷം കെട്ടാൻ ആളുകളെ കിട്ടാതെ പല സ്ഥലങ്ങളും ബുദ്ധിമുട്ടുമ്പോഴാണ് പയ്യന്നൂരിന് മദനൻ മാരാർ അനുഗ്രഹമാകുന്നത്. ഭാര്യ: പരേയായ കെ.വി. കാമലാക്ഷി. മക്കളായ ധനേഷ്, ദിനേഷ് എന്നിവർ പൂർണ പിന്തുണയുമായി കൂടെയുണ്ട്. മകന്റെ ഭാര്യ അഞ്ജുന, പേരക്കുട്ടികളായ ആദി, ആദിക് എന്നിവരും ഒപ്പമുണ്ട്.

സ്‌നേഹത്തിന്റെ രാജമുദ്ര

മദനൻ മാരാറിന്റെ മാവേലി വേഷത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകത അത് പണത്തിനുവേണ്ടിയല്ല എന്നതാണ്. ഓണത്തോടുള്ള അളവറ്റ സ്‌നേഹമാണ് അദ്ദേഹത്തെ ഓരോ വർഷവും മാവേലിയാക്കുന്നത്. വേഷത്തിന് ആവശ്യമായ വസ്ത്രാലങ്കാരങ്ങളുടെ ചെലവ് മാത്രം. മറ്റു യാതൊരു പ്രതിഫലവും ഇല്ല. 'ഓണക്കാലത്ത് മാവേലിയായി വേഷമിട്ട് എന്റെ പ്രജകളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നു. അതാണ് എന്റെ സന്തോഷം,' മദനൻ മാരാർ അഭിമാനത്തോടെ പറയുന്നു.

കലാജീവിതം

വാദ്യകലയിലും അഭിനയത്തിലും പ്രാവീണ്യം പ്രകടിപ്പിച്ച ഈ സർവകലാ വല്ലഭൻ സിനിമാ മേഖലയിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'റോമാ', 'കുത്തൂട്ട്', 'അച്യുതന്റെ അവസാന ശ്വാസം' തുടങ്ങിയ സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. കലയോടൊപ്പം സമൂഹസേവനത്തിലും മദനൻ മാരാർ അതുല്യമായ സംഭാവനകൾ നൽകുന്നു. ജെ.സി.ഐ, റോട്ടറി, ലയൺസ് തുടങ്ങിയ സേവന സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. ചാരിറ്റി പ്രവർത്തനങ്ങളിലുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രശംസനീയമാണ്. ഇത്രയും തിരക്കുകൾക്കിടയിലും പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിന്റെ നടത്തിപ്പുംഅദ്ദേഹം വഹിക്കുന്നു. സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ഇടം നിരവധി കലാകാരന്മാർക്ക് വേദിയൊരുക്കിയിട്ടുണ്ട്.

35 വർഷമായി ഞാൻ മാവേലിയാണ്. ഇനിയും വർഷങ്ങൾ ഈ സേവനം തുടരാൻ ആഗ്രഹിക്കുന്നു. പയ്യന്നൂരിന്റെ സ്നേഹമാണ് എന്റെ കരുത്ത്.

മദനൻ മാരാർ