ദൈവം തന്ന സ്ഥാനമാണിത്, എനിക്ക് മറ്റൊന്നും വേണ്ടതില്ല: അസിം മുനീര്‍

Sunday 17 August 2025 8:39 PM IST

ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാനോ രാജ്യത്തിന്റെ പ്രസിഡന്റ് ആകാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ദൈവമാണ് തന്നെ പാകിസ്ഥാന്റെ സംരക്ഷകനാക്കിയതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പാകിസ്ഥാന് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയെന്നതാണെന്നും അസിം മുനീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദി ഡോണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ബെല്‍ജിയത്തിലെ ബ്രസെല്‍സില്‍ വച്ചാണ് പാകിസ്ഥാന്‍ സൈനിക മേധാവി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതെന്നാണ് ഡോണിലെ ലേഖനത്തില്‍ പറയുന്നത്.

'ദൈവം എന്നെ രാജ്യത്തിന്റെ സംരക്ഷകനാക്കിയിരിക്കുന്നു. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു സൈനികനാണ്, എന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണ്'- അസിം മുനീര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനില്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണല്ലോ, സൈനിക മേധാവിയെന്ന നിലയില്‍ ഇവയില്‍ ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് താങ്കള്‍ എത്തുമോയെന്ന പത്ര ലേഖകന്റെ ചോദ്യത്തോടാണ് അസിം മുനീര്‍ പ്രതികരിച്ചത്. പാകിസ്ഥാനില്‍ ഭരണകൂടത്തിന്‍മേല്‍ സൈനിക ഇടപെടലുണ്ടെന്ന നിരവധി സംഭവങ്ങള്‍ ഉദാഹരണ സഹിതം നിരത്തിയാണ് ഡോണ്‍ റിപ്പോര്‍ട്ടര്‍ അസിം മുനീറുമായി സംസാരിച്ചത്.