കേബിൾ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു, 100 ഓളം വാഹനങ്ങൾ പരിശോധിച്ച്
മരട്: കെ.എസ്.ഇ.ബിയുടെ കേബിളുകൾ മോഷ്ടിച്ച് കടത്തിയവരെ തിരിച്ചറിയാൻ കൊച്ചി സിറ്റി പൊലീസ് പരിശോധിച്ചത് 100 ഓളം വാഹനങ്ങൾ. ദ്രുതഗതിയിൽ നടന്ന അന്വേഷണത്തിന് ഒടുവിൽ കേബിൾ കവർന്ന ഓട്ടോ ഉടമയും സഹായിയായ അന്യസംസ്ഥാനക്കാരനും പിടിയിലായി.
ഏലൂർ മഞ്ഞുമ്മൽ ഇ.ആർ.എ 85 ൽ അനീസ് സർദാർ (50), ഉത്തർപ്രദേശ് സ്വദേശി ശ്യാം ചരൺ (40) എന്നിവരാണ് പനങ്ങാട‌് പൊലീസിന്റെ പിടിയിലായത്. പനങ്ങാട് കുമ്പളം യോഗപ്പറമ്പിന് സമീപത്ത് നിന്നാണ് കേബിളുകൾ കവർന്നത്. ജോലി പൂർത്തിയായ ശേഷം 20,000 രൂപയുടെ കേബിളുകൾ ബാക്കി കിടന്നിരുന്നു.
10ന് രാത്രി മഴയത്തായിരുന്നു പിക്കപ്പ് ഓട്ടോയിൽ കേബിളുകൾ കടത്തിയത്. കേബിൾ ചുറ്റിയിരുന്ന ഡ്രം ഉരുട്ടികയറ്റുന്നത് കണ്ട് സംശയം തോന്നിയ പരിസരവാസികൾ വാഹനം പിന്തുടർന്നെങ്കിലും വേഗത്തിൽ ഓടിച്ചു പോയി. പരിസരപ്രദേശത്തെ ഒട്ടേറെ ക്യാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും നമ്പർ വ്യക്തമായില്ല. ഒരു ക്യാമറയിൽ നിന്ന് കൊടുങ്ങല്ലൂർ രജിസ്ട്രേഷനാണെന്ന് തിരിച്ചറിയാനായെങ്കിലും നമ്പർ പൂർണമായി കിട്ടിയില്ല.
ഈ രജിസ്ട്രേഷനിലുള്ള 100 ഓളം വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് മഞ്ഞുമ്മൽ കേന്ദ്രീകരിച്ച് ഓടുന്ന പിക്കപ്പ് ഓട്ടോയെക്കുറിച്ച് സൂചന കിട്ടിയതും കസ്റ്റഡിയിലെടുത്തതും.
പകൽനേരത്ത് ആക്രിപെറുക്കാനെന്ന വ്യാജേന ചുറ്റിക്കറങ്ങുകയും രാത്രി വാഹനവുമായെത്തി കടത്തുകയുമാണ് അനീസിന്റെ പതിവ്. ഇയാളുടേതാണ് പിക്കപ്പ് ഓട്ടോ. മോഷ്ടിച്ച കേബിളുകൾ പെരുമ്പാവൂരിലെ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തതായി പനങ്ങാട് പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ വിപിൻദാസ്, എസ്.ഐമാരായ എം.എം.മുനീർ, എ.റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.