നെഹ്‌റുട്രോഫി വള്ളം കളി: ചുണ്ടന്മാർ ട്രാക്ക് എൻട്രി തുടങ്ങി
ആലപ്പുഴ: നെഹ്‌റുട്രോഫിവള്ളം കളിയുടെ ആവേശം വിളംബരം ചെയ്ത് പുന്നമടയിൽ ചുണ്ടന്മാരുടെ എൻട്രി. പുന്നമടയിൽ വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി പി.ബി.സി പുന്നമട തുഴയുന്ന നടുഭാഗം ചുണ്ടനും പി.ബി.സി പള്ളാത്തുരുത്തി തുഴയുന്ന മേൽപാടം ചുണ്ടനും ട്രാക്ക് എൻട്രി നടത്തി. മറ്റ് ചുണ്ടനുകൾ ട്രാക്ക് എൻട്രി നടത്തുന്നതോടെ നെഹ്‌റുട്രോഫി ആവേശം ഉച്ചകോടിയിലെത്തും.
നടുഭാഗം ചുണ്ടൻ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് ട്രാക്കിൽ പ്രവേശിച്ചത്. നാലോടെ ചുണ്ടനുകളിലെ പുതുമുഖങ്ങളിലൊന്നായ മേൽപാടവും ട്രാക്കിൽ പ്രവേശിച്ചു. ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലും വള്ളങ്ങളിലുമായി നൂറുകണക്കിന് ആരാധകർ മഴയിലും വള്ളങ്ങളെ അനുഗമിച്ചു. ഇന്ന് വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴയുന്ന വീയപുരം ചുണ്ടനും ട്രാക്ക് എൻട്രി നടത്തും. നെഹ്റു ട്രോഫിക്കു മുമ്പുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തിയതോടെയാണ് വള്ളങ്ങൾ ട്രാക്ക് എൻട്രി നടത്തിയത്. പി.ബി.സി പള്ളാത്തുരുത്തി തുഴയുന്ന മേൽപാടം ചുണ്ടന്റെ ട്രാക്ക് എൻട്രി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷൈനി വിത്സൺ ഫ്ലാഗ് ഒഫ് ചെയ്തു.