മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

Monday 18 August 2025 12:51 AM IST

ആലപ്പുഴ: മുട്ടത്തിപറമ്പ് സ്വദേശിയായ 67കാരിയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തണ്ണീർമുക്കം കണ്ണങ്കര അഖിൽ നിവാസിൽ അരുൺ ബാബുവിനെയാണ് (26) മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് വൈകിട്ട് 4.30നാണ് മുട്ടത്തിപറമ്പ് ഭാവന ഗാർഡൻസിന് തെക്കുവശം റോഡിൽവച്ച് പുത്തൻവീട്ടിൽ തങ്കമ്മയുടെ മാല കവരാൻ ശ്രമിച്ചത്. അയ്യപ്പഞ്ചേരിയിലെ വീട്ടുജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തങ്കമ്മയെ പ്രതി സ്കൂട്ടറിൽ പിറകെ ചെന്ന് മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ തങ്കമ്മ തള്ളിമാറ്റിയതോടെ അടിതെറ്റിയ പ്രതി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് തങ്കമ്മയുടെ പരാതിയിൽ ചേർത്തല എ.എസ്.പി ഹാരിഷ് ജെയ്നിന്റെ നി‌ർദ്ദേശ പ്രകാരം മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്.ഐ. റിയാസ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഗിരിഷ്, സതീഷ്, അരുൺ, പ്രവീഷ്, അബിൻ കുമാർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്

പ്രതി പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.