ടൂറിസ്റ്റുകൾക്കായി റെയിൽവേ സ്റ്റേഷനിൽ ഇ സ്‌കൂട്ടർ റെഡി  ആശങ്ക വേണ്ട... ആസ്വദിക്കാം

Monday 18 August 2025 12:09 AM IST
കണ്ണൂർ റെയിൽവേ സ്റ്റേഷൻ

കണ്ണൂർ: ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ സ്റ്റേഷനിൽ നിന്നും ഇ സ്‌കൂട്ടർ വാടകയ്‌ക്കെടുത്ത് കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചരിക്കാൻ സൗകര്യമൊരുങ്ങുന്നു. പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, അറക്കൽ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള സാഹചര്യമാണ് നിലവിൽ ഒരുങ്ങുന്നത്. സഞ്ചാരികൾക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. ട്രെയിൻ ഇറങ്ങിയാൽ വാഹനത്തിനായി അന്വേഷിച്ച് നടക്കേണ്ടതില്ല. സ്റ്റേഷനിൽ തന്നെ എല്ലാ സൗകര്യങ്ങളും ലഭിക്കും എന്നതാണ് പ്രത്യേകത. കണ്ണൂരിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നൽകുന്ന ഈ സംരംഭം സഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷ. കണ്ണൂരിനൊപ്പം പഴയങ്ങാടി, മാഹി, തലശ്ശേരി ഉൾപ്പെടെ സംസ്ഥാനത്ത് മൊത്തം 17 സ്റ്റേഷനുകളിലാണ് ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകുന്നത്. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകളിൽ നിലവിലുള്ള 'റെന്റ് എ ബൈക്ക്' സൗകര്യമാണ് കണ്ണൂരിലേക്കും വ്യാപിപ്പിക്കുന്നത്.

കണ്ണൂരിൽ നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം സ്റ്റേഷനുകളിൽ പുതിയ സംരംഭങ്ങൾ ഏർപ്പെടുത്തി വൈവിധ്യവത്കരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനും റെയിൽവേ ലക്ഷ്യമിടുന്നു.

വാടകയ്‌ക്കെടുക്കാം നിബന്ധനകളോടെ സമയം: മണിക്കൂർ അടിസ്ഥാനത്തിലും ദിവസ വാടകയ്ക്കും വാഹനം ലഭിക്കും ആവശ്യമായ രേഖകൾ: ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സുരക്ഷാ സൗകര്യങ്ങൾ: ജി.പി.എസ് സംവിധാനവും ഹെൽമെറ്റും ലഭിക്കും

നടത്തിപ്പ്: റെയിൽവേ നൽകുന്ന സ്ഥലത്ത് സ്വകാര്യ കരാറുകാർ നടത്തുന്ന സംരംഭം

സ്‌റ്റേഷനിലും കൂടുതൽ സൗകര്യങ്ങൾ ചെരിപ്പ്, മൊബൈൽ ഷോപ്പുകൾ ഗിഫ്റ്റ് ഷോപ്പുകൾ (പാവകളും സ്റ്റേഷനറി സാധനങ്ങളും) ബ്യൂട്ടി പാർലറുകളും ഹെയർ സലൂണുകളും

എ.ടി.എം മെഷീനുകൾ ഐസ്‌ക്രീം പാർലറുകൾ

ഹിറ്റായി ഇലക്ട്രിക് ബഗ്ഗി

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് ബഗ്ഗി സേവനം യാത്രക്കാരിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കാനുള്ള ഈ സൗകര്യം വലിയ ആശ്വാസമാണ്.

ബഗ്ഗി സേവനത്തിന് ഒരാൾക്ക് ഈടാക്കുന്നത്. 8 കിലോ വരെ ബാഗ് സൗജന്യം, അധിക ബാഗിന് 10 രൂപ വീതം.