ഓണത്തിന് ആശ്വസിക്കാം തേങ്ങ വില താഴുന്നു
വെഞ്ഞാറമൂട്: തേങ്ങയുടെയും എണ്ണയുടെയും വിലയിൽ കൈ പൊള്ളിയ മലയാളികൾക്ക് ഇനി ആശ്വസിക്കാം. തേങ്ങയുടെ വില താഴാൻ തുടങ്ങിയിട്ടുണ്ട്. 85 രൂപയായിരുന്ന വില 60- 65 രൂപയിൽ എത്തിനിൽക്കുന്നു. മാർക്കറ്റുകലിലേക്ക് പച്ചത്തേങ്ങയുടെ വരവ് തുടങ്ങിയതാണ് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മൊത്തവിപണിയിൽ ഒരാഴ്ചയ്ക്കിടെ 15 രൂപയോളം കുറവാണ് ഉണ്ടായത്. കിലോയ്ക്ക് 50-55 രൂപ നിരക്കിലാണ് ഇവർക്ക് പച്ചത്തേങ്ങ ലഭിക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ തേങ്ങയിടീൽ ആരംഭിച്ചതും വിലകുറയാൻ കാരണമായി. വരും ദിവസങ്ങളിൽ തേങ്ങാവില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.
തേങ്ങ വില
മുമ്പ്..... 85 രൂപ
നിലവിൽ.. 65 രൂപ
കൊപ്രയും താഴേക്ക്
അഞ്ച് മുതൽ ആറ് രൂപവരെ കൊപ്രയ്ക്കും വിലകുറഞ്ഞു. ഇനി വെളിച്ചെണ്ണയുടെ വിലയിലും കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്. പച്ചത്തേങ്ങയുടെ വില ഓണമാകുമ്പേഴേക്കും 50 രൂപയിൽ താഴെയാകുമെന്നാണ് വിലയിരുത്തൽ.
എണ്ണവില തണുക്കുന്നു
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും വിലയിടിവിന് കാരണമായിട്ടുണ്ട്. പാലക്കാട് നിന്ന് ഉൾപ്പെടെ പച്ചത്തേങ്ങ വൻതോതിൽ എത്തുന്നുണ്ട്. തേങ്ങ വില കുറഞ്ഞ സാഹചര്യത്തിൽ വെളിച്ചെണ്ണ വിലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലിറ്ററിന് 450 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില പിന്നീട് 400ൽ താഴെ എത്തിയിരുന്നു. സപ്ലൈകോ വഴി ലിറ്ററിന് 350 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽക്കുന്നത്. ഓണമാകുമ്പോഴേക്കും ഇത് 300 രൂപയിൽ താഴെയാകുമെന്നാണ് പ്രതീക്ഷ.