മദ്ധ്യപ്രദേശ് കോൺഗ്രസിൽ ഭിന്നത
ഭോപ്പാൽ: മദ്ധ്യപ്രദേശ് പാർട്ടിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ട രാജിയും വ്യാപക പരസ്യ പ്രതിഷേധങ്ങളും. മദ്ധ്യപ്രദേശിലെ 71 ജില്ലാ അദ്ധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെയാണിത്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ, ബുർഹാൻപൂർ തുടങ്ങിയ വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങി. നിരവധി പേർ രാജിവയ്ക്കുകയും നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുർഹാൻപൂരിൽ നേതാക്കൾ രഹസ്യ യോഗം ചേർന്നതായും വിവരമുണ്ട്. രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിലാണ് നിയമനങ്ങൾക്ക് അന്തിമ രൂപം നൽകിയത്. ആകെ 71 ജില്ലാ അദ്ധ്യക്ഷന്മാരിൽ 21 പേരെ നിലനിറുത്തി. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള 36 പേരെ നിയമിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് 35 പേരാണ് പട്ടികയിലുള്ളത്. 12 ജില്ലാ അദ്ധ്യക്ഷന്മാർ ഒ.ബി.സി വിഭാഗത്തിൽ നിന്നാണ്. പത്ത് പേർ എസ്.ടി വിഭാഗത്തിൽ നിന്നും പത്ത് പേർ എസ്.സി വിഭാഗത്തിൽ നിന്നുമാണ്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകനും മുൻ മന്ത്രിയുമായ ജയ്‌വർധൻ സിംഗിനെ തരംതാഴ്ത്തിയെന്ന് ആരോപിച്ചാണ് പ്രധാന പ്രതിഷേധം നടന്നത്.