ശുഭാംശു ഇന്ത്യയിൽ; ഇന്ന് മോദിയെ കാണും
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രദൗത്യത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്‌ക്ക് ഊഷ്‌മള സ്വീകരണം. ഇന്നലെ രാവിലെ ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, ഇസ്‌റോ ചെയർമാൻ വി. നാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരുവർഷമായി പരിശീലനത്തിന്റെ ഭാഗമായി യു.എസിലായിരുന്നു. ആക്‌സിയം 4 ദൗത്യത്തിൽ ശുഭാംശുവിന്റെ പകരക്കാരനായി നിശ്ചയിച്ചിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാംശുവിനൊപ്പം ഡൽഹിയിലെത്തി. ജൂൺ 25നാണ് ശുഭാംശു ഉൾപ്പെട്ട ആക്‌സിയം-4 ദൗത്യം യു.എസിലെ ഫ്‌ളോറിഡയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ 26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ജൂലായ് 15നാണ് മടങ്ങിയെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാംശു ശുക്ലയുടെ നേട്ടവുമായി ബന്ധപ്പെട്ട് ഇന്ന് ലോക്‌സഭയിൽ പ്രത്യേക ചർച്ച നടന്നേക്കും. 23ന് ഡൽഹിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും ശുഭാംശു പങ്കെടുക്കും.