സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ ഗതാഗതകുരുക്ക് രൂക്ഷം
സുൽത്താൻ ബത്തേരി: കേരളത്തിൽ നിന്ന് കർണാടകയിലേയ്ക്ക് കടക്കുന്ന അതിർത്തി ചെക്ക്‌പോസ്റ്റായ മൂലഹളയിൽ ഗതാഗതകുരുക്ക് അതിരൂക്ഷമാകുന്നു. ഇതുകാരണം യാത്രക്കാർക്ക് മണിക്കൂറുകളാണ് വനപാതയിൽ കിടക്കേണ്ടിവരുന്നത്. അതിശക്തമായ കാറ്റും മഴയും കാരണം വനപാതയിലെ മരങ്ങൾ കടപുഴകിവീഴുമെന്ന ആശങ്കക്കിടയിലാണ് യാത്രക്കാർക്ക് മണിക്കൂറുകൾ വനപാതയിൽ ഭയന്ന് കഴിയേണ്ടിവരുന്നത്. കർണാടകയിലേയ്ക്ക് പ്രവേശിക്കുന്നതിന് വാഹനങ്ങളിൽ നിന്ന് ഗ്രീൻ ടാക്സ് ഈടാക്കുന്ന നടപടിയാണ് അതിർത്തിയിൽ ഗതാഗതകുരുക്കിന് ഇടയാക്കുന്നത്. കർണാടകയിലേയ്ക്ക് പ്രവേശിക്കുന്ന ഓരോ വാഹനങ്ങളും ഗ്രീൻ ടാക്സായി 20 രൂപ നൽകണം. ഗുണ്ടിപേട്ടിലെ പൂപാടങ്ങൾ കാണുന്നതിനായി അവധി ദിവസങ്ങളിൽ നിരവധി പേരാണ് കർണാടകയിലേയ്ക്ക് എത്തുന്നത്. വാഹനങ്ങളിൽ നിന്ന് ടാക്സായി പൈസ വാങ്ങി രശീത് നൽകുന്നതിലെ കാലതാമസമാണ് തിരക്ക് വർദ്ധിക്കാനും ഗതാഗതസ്തംഭനത്തിനും ഇടയാക്കുന്നത്. ഒഴിവ് ദിവസമായ ഇന്നലെ മൂലഹള ചെക്ക് പോസ്റ്റുമുതൽ നാല് കിലോമീറ്റർ അപ്പുറമുള്ള തകരപ്പാടി വരെയാണ് ദേശീയപാതിയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്. വാഹനങ്ങൾ കൂടുതൽ എത്തുന്ന സമയത്ത് അതിർത്തിയിൽ കൂടുതൽ ജീവനക്കാരെ വെച്ച് ഗതാഗതകുരുക്കിന് പരിഹാരം കാണാമെങ്കിലും അതിന് തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പൂപാടം കാണുന്നതിനല്ലാതെ മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാരാണ് ഗതാഗതകുരുക്കിൽ ഏറെ ബുദ്ധിമുട്ടുന്നത്.