വിസ വാഗ്ദാനം ചെയ്ത് പീഡനം: പ്രവാസി വ്യവസായിക്കെതിരെ കേസ്

Monday 18 August 2025 1:52 AM IST

വർക്കല: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെ അതിജീവിത ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലർത്തിയ ശീതള പാനിയം നല്കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്.എച്ച്.ഒ അറിയിച്ചു.

ഫോട്ടോ:ഷിബു