ആസ്ട്രേലിയൻ പാർലമെന്റിൽ ശിവഗരി മഠം സർവമത സമ്മേളന ശതാബ്ദി ..................................................................................................................................... ഏകതാ ദർശനവും ഏക ലോകവും
ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനത്തിന് ആഗോളതലത്തിൽത്തന്നെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ഗുരുവിന്റെ ജീവിതവും തത്വദർശനവും പ്രചരിപ്പിക്കുവാനും സംസ്ഥാപനം ചെയ്യുവാനും ഓരോ ഗുരു ഭക്തനും കടമയും കടപ്പാടുമുണ്ട്. ആധുനിക ലോകത്തെ സങ്കീർണമായ പ്രശ്നങ്ങൾക്കെല്ലാം ഒരു മറുമരുന്നായുള്ളത് ഗുരുദർശനമാണ്. ജാതികൊണ്ടും മതഭേദം കൊണ്ടും ദേശഭേദംകൊണ്ടും നിർമ്മിക്കപ്പെട്ട സങ്കുചിതമായ വേലിക്കെട്ടുകളെയെല്ലാം ഇല്ലായ്മ ചെയ്ത് ലോകത്തെ ഏകതയിലേക്ക് നയിക്കുവാൻ പര്യാപ്തമാണ് ഗുരുദർശനം.
ഈ മഹിത ദർശനം ലോകത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി നടന്നുവരികയാണ്. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ മാർഗനിർദ്ദേശത്തോടെ വത്തിക്കാനിൽ നടന്ന ലോക മത പാർലമെന്റ് ഗുരുദർശനത്തിന്റെ അന്തർദ്ദേശീയ മഹിമ വെളിപ്പെടുത്തുവാൻ പര്യാപ്തമായി. അതിന്റെ ചുവടുപിടിച്ച് ലണ്ടനിലും വിവിധ രാജ്യങ്ങളിലുമായി സമ്മേളനങ്ങൾ നടത്തുവാൻ ശിവഗിരി മഠത്തിന് സാധിച്ചു. ഗുരുദേവ- മഹാത്മജി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുമായി ഡൽഹിയിലെ വിജ്ഞാൻ ഭവൻ ഹാളിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനവും ലോകശ്രദ്ധയാകർഷിച്ചു.
ഇതിന്റെയെല്ലാം തുടർച്ചയെന്നോണം ആസ്ട്രേലിയൻ പാർലമെന്റിൽ വച്ച് ഒരു ലോക മത പാർലമെന്റ് കൂടി നടത്തുവാൻ നിയോഗമുണ്ടായിരിക്കുകയാണ്. ഏതാനും മാസം മുമ്പ് ആസ്ട്രേലിയൻ പാർലമെന്റിലെ അംഗങ്ങളിൽ ചിലർ ശിവഗിരി മഠം സന്ദർശിക്കുകയും, സന്യാസി സംഘവുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. വത്തിക്കാനിലും ലണ്ടനിലും മറ്റും നടന്ന സമ്മേളന വിവരങ്ങൾ പാർലമെന്റ് അംഗങ്ങൾക്ക് കൈമാറുകയും, ഒരു ലോക മത സമ്മേളനം ആസ്ട്രേലിയയിൽ നടത്തണമെന്ന് ഞങ്ങൾ പാർലമെന്റ് അംഗങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി. ആസ്ട്രേലിയൻ ഗവണ്മെന്റിന് ഞങ്ങൾ നല്‍കിയ അപേക്ഷയുമായാണ് പാർലമെന്റ് അംഗങ്ങൾ മടങ്ങിയത്.
മനുഷ്യകുലവും
ഏകലോകവും
ഗുരുദേവന്റെ ഏകലോക ദർശനത്തിന്റെ ഗരിമകൊണ്ടും ആസ്ട്രേലിയൻ പാർലമെന്റ് അംഗങ്ങളുടെ വിശാലത കൊണ്ടും ശിവഗിരി മഠത്തിന്റെ അപേക്ഷ അവിടത്തെ പാർലമെന്റ് അംഗീകരിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ശിവഗിരി മഠത്തിന് അനുകൂല മറുപടിയും ലഭിച്ചു. വൻകരകളിൽ ഒന്നായ ആസ്ട്രേലിയയിൽ വച്ച്, ആസ്ട്രേലിയൻ പാർലമെന്റിൽ വച്ച് ഒക്ടോബർ 14-ന് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന താത്വിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയൊരു സമ്മേളനം നടത്തുവാൻ സാധിക്കുന്നത് ചരിത്ര സംഭവമാണ്. 'മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം" എന്ന ഗുരുദർശനം മനുഷ്യകുലത്തിനു തന്നെ ദർശനമായി മാറുകയാണ്.
ഒരു നൂറ്റാണ്ടിനു മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ലോക ചരിത്രത്തിലെ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന സർവമത മഹാസമ്മേളനം ഗുരുദേവൻ സംഘടിപ്പിച്ചുവല്ലോ. സമ്മേളനത്തിന്റെ അവസാനം സർവരും സർവ മതസിദ്ധാന്തങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കുവാൻ ഒരു സർവമത പാഠശാലയ്ക്ക് ഗുരുദേവൻ രൂപം നല്‍കി. ആ പാഠശാല സാവധാനമെങ്കിലും ആശാവഹമായി ശിവഗിരി മഠത്തിൽ പ്രവർത്തിച്ചുവരികയാണ്. ഈ പാഠശാലയിൽ പഠിച്ച് സന്യാസം സ്വീകരിച്ച് വിശ്വപൗരന്മാരായി ഗുരുദർശന പ്രവർത്തകരായി പ്രവർത്തിക്കണമെന്നാണ് ഗുരുദേവ സങ്കല്പം.
ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24-ന് ദുബായിലും ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. ഓരോ കേന്ദ്രത്തെയും ധർമ്മ പ്രചാരണത്തിന്റെ ചാലകശക്തിയായി മാറ്റുന്നത് ഗുരുവിന്റെ സങ്കല്പശക്തി തന്നെയാണ്. മഹത്വപൂർണമായ ഈ തത്വദർശനം കടന്നു ചെല്ലുന്നത് അവിടത്തെ മഹിതമായ സങ്കല്‍പങ്ങൾകൊണ്ടു മാത്രമാണ്. ഗുരുദേവന്റെ കൈയിലെ ഉപകരണങ്ങളാകുവാനും അവിടുന്ന് അവതരിച്ച കാലഘട്ടത്തിൽ ജീവിക്കുവാനും ഗുരു സ്ഥാപിച്ച സംഘത്തിലും സംഘടനയിലും ചേർന്നു പ്രവർത്തിക്കുവാനും സാധിക്കുന്നതാണ് നമ്മുടെയെല്ലാം മഹാഭാഗ്യം.
ആനന്ദത്തിലേക്ക്
ആത്മപ്രവാഹം
ആസ്ട്രേലിയൻ പാർലമെന്റിലെ ക്വീൻ എലിസബത്ത് ഹാളിൽ ഒക്ടോബർ 14- നാണ് സമ്മേളനം നടക്കുന്നത്. ധർമ്മ സംഘത്തിലെ സന്യാസിമാർ അടക്കം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. ഗുരുദേവന്റെ ആത്മോപദേശ ശതകത്തിലെ മതമീമാംസ, സാഹോദര്യ മീമാംസ എന്നീ ദർശനത്തെ മുഖ്യപ്രമേയമായി സ്വീകരിച്ചുകൊണ്ടാണ് സമ്മേളനങ്ങൾ. ആത്മോപദേശ ശതകത്തിലെ മതമീമാംസയിൽ മതത്തിന്റെ ഏകത്വം ഗുരു കാട്ടിത്തരുന്നു. എല്ലാ മതവിശ്വാസികളുടെയും എല്ലാ മനുഷ്യരുടെയും ആഗ്രഹം സുഖമായിരിക്കുക അഥവാ ആനന്ദപ്രാപ്തിയാണ്. ഹിന്ദുക്കളും ബുദ്ധ, ക്രൈസ്തവ, ഇസ്ലാം തുടങ്ങി സർവമതസ്ഥരും മതവിശ്വാസമില്ലാത്തവരും ആഗ്രഹിക്കുന്നത് സുഖപ്രാപ്തി തന്നെ.
അതിലേക്കുള്ള മാർഗങ്ങൾ വിഭിന്നമായിരിക്കുമെങ്കിലും ലക്ഷ്യം ഏകമാണ്. അതാണ് ഗുരുദേവൻ ഉപദേശിക്കുന്ന ഏകമതം. ലോക ജനതയെ മുഴുവൻ ഐക്യപ്പെടുത്തുന്നതും ഏകതയിലേക്ക് നയിക്കുന്നതുമായ ആത്മദർശനമാണ് പ്രിയമൊരു ജാതി എന്ന തത്വമടങ്ങിയ സാഹോദര്യ മീമാംസ. ആത്മോപദേശ ശതകത്തിലെ വിശ്വദർശനം സമ്മേളനത്തിൽ ചർച്ചയാകും. ആസ്ട്രേലിയൻ പാർലമെന്റ് അംഗങ്ങളും 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതരും സമ്മേളനത്തിൽ പങ്കെടുക്കും. മറ്റു പല രാജ്യങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുവാനുള്ള ആലോചനയിലാണ് ധർമ്മസംഘം. ആസ്ട്രേലിയൻ സമ്മേളനം ഗുരുദേവൻ വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയിലേക്ക് നയിക്കുവാൻ പര്യാപ്തമാകുമെന്ന് പ്രത്യാശിക്കുകയാണ്. 'ഗുരുദേവ കൃപാപൂരം അരുളട്ടെ ദിവാനിശം" എന്ന് പ്രാർത്ഥിക്കാം.