സർക്കാർ ഉണരാൻ അവർ ജീവൻ ഹോമിക്കണോ?
പതിമൂന്നു വർഷമായി ശമ്പളം ലഭിക്കാതിരുന്ന അദ്ധ്യാപികയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ശമ്പളവും കുടിശ്ശികയും ലഭ്യമാക്കി എന്ന വാർത്ത കാണാനിടയായി. പണം കിട്ടാഞ്ഞതിനെ തുടർന്ന് ഈ അദ്ധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിനു ശേഷമാണ് മന്ത്രി ഇടപെട്ടതും പണം കിട്ടിയതും! ശമ്പള വിതരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തതായും വാർത്തയിലുണ്ട്. ഒരു കോടിയോളം രൂപയാണ് അദ്ധ്യാപികയ്ക്ക് ലഭിക്കാനുണ്ടായിരുന്നത്!
ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം ജീവിതം ഹോമിക്കേണ്ടിവരുന്ന സംഭവങ്ങൾ ആദ്യമല്ല. സർക്കാർ ഇടത് ആയാലും വലത് ആയാലും ഉദ്യോഗസ്ഥർ ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു ശിക്ഷിക്കുകയും കുടിശ്ശിക വരുത്തിയ തുകയ്ക്കുള്ള പലിശ ഇവരിൽ നിന്ന് ഈടാക്കുകയും ആ അദ്ധ്യാപികയ്ക്ക് നൽകുകയും വേണം. ഇതിനുമുമ്പ് കാസർകോടുള്ള ഒരു അദ്ധ്യാപിക ഇതേ കാരണത്താൽ ആത്മഹത്യ ചെയ്തിരുന്നു.
മന:പൂർവമായാണ് ചില ഉദ്യോഗസ്ഥർ അദ്ധ്യാപകരോട് ഈവിധം പെരുമാറുന്നത്. അതിനൊരു കാരണമുണ്ട്. ഈ അദ്ധ്യാപകർ ലക്ഷക്കണക്കിന് രൂപ കോഴ നൽകിയാവും നിയമനം നേടിയത്. അതിൽ ഒരു പങ്ക് തങ്ങൾക്കും കിട്ടണമെന്നാണ് പല ഉദ്യോഗസ്ഥരുടെയും ഉള്ളിലിരിപ്പ്. ഇതിന് കക്ഷി വ്യത്യാസമില്ലാതെ ഭരണാധികാരികളും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നു. സർവീസ് സംഘടനകളുടെ നിലപാടും വ്യത്യസ്തമല്ല. കൈക്കൂലിയോ മറ്റു പാരിതോഷികങ്ങളോ കിട്ടാത്തതിന്റെ പേരിലാണ് മിക്ക സംഭവങ്ങളും ഉണ്ടാവുന്നത്. വിദ്യാഭ്യാസ വകുപ്പിൽ ഭിന്നശേഷി അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി അദ്ധ്യാപകരും അവരുടെ ആശ്രിതരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്
എയ്ഡഡ് സ്ഥാപനങ്ങളിൽ തസ്തികകൾ അനുവദിക്കുമ്പോൾ നിശ്ചിത ശതമാനം തസ്തിക പാർട്ടി കൈവശപ്പെടുത്തും. അതിലൂടെ അവർക്കുള്ളത് ഒപ്പിക്കും. ഇത്തരം നിയമനങ്ങൾ അംഗീകരിക്കുന്നതിനും ശമ്പളം ഉറപ്പാക്കുന്നതിനും അക്ഷന്തവ്യമായ കാലതാമസവും അന്യായമായ ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടർക്കും സെക്രട്ടറിക്കും മന്ത്രിക്കുമൊക്കെ അറിവുള്ളതായിരിക്കും. വിദ്യാഭ്യാസ ഓഫീസർമാർക്ക് അവരുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയില്ല. എന്തെന്നാൽ ഈ ഓഫീസർമാർ അദ്ധ്യാപകരായിരുന്നപ്പോൾ ഇത്തരം ഉദ്യോഗസ്ഥർക്കു മുമ്പിൽ ഓച്ഛാനിച്ചു നിന്ന ശീലമായിരിക്കും ഉള്ളത്.
സാധാരണക്കാരുടെ നികുതിപ്പണത്തിൽ ഏറ്റവും കൂടുതൽ ബഡ്‌ജറ്റ് തുക ശമ്പളമായും മറ്റ് അനുകൂല്യങ്ങളായും അനുഭവിക്കുന്നത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ (കോളേജുകളും സ്കൂളുകളും) അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഇവരുടെ നിയമനം പി.എസ്.സി വഴി ആയാൽ പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരം ഉണ്ടാവുകയും സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഈ ആവശ്യം അംഗീകരിക്കുന്നില്ല. കാരണം അവർക്കും ഇതൊരു കറവപ്പശുവാണ്! ഓരോ ഫയലും ഓരോ മനുഷ്യ ജീവനാണെന്ന് ഒമ്പതുവർഷം മുമ്പ് അധികാരത്തിലേറുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി ഇനിയെങ്കിലും ഈ വിഷയത്തിൽ ഇടപെടണമെന്ന് ആഗ്രഹിക്കുന്നു.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)