ചിങ്ങപ്പുലരിയിൽ വർണാഭമായി കർഷകദിനാഘോഷം

Monday 18 August 2025 12:10 AM IST

തൃശൂർ: പൊന്നിൻചിങ്ങപ്പിറവിയിൽ ഇടവിട്ട് പെയ്ത മഴയെയും അവഗണിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന കർഷകദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് കർഷകർ. കൃഷിയിൽ ജീവിതം സമർപ്പിച്ചവരാണ് കർഷകർ, അവർക്ക് പിന്തുണയും പിൻബലവും നൽകുന്ന ദിനമാണിതെന്ന് പറഞ്ഞ് സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷനായ കൃഷിമന്ത്രി പി.പ്രസാദ് ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്റർനെറ്റ് ഒഫ് തിങ്‌സും സാങ്കേതിക രംഗത്തേക്ക് കടന്നുവരികയാണെന്നും കൃഷിയിൽ ഇതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി പറഞ്ഞു.

കേര പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ ഇന്ത്യൻ റൈസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞൻ സി.പ്രകാശൻ, കേര റീജ്യണൽ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ എന്നിവർ ക്ലാസുകൾ നയിച്ചു. രാവിലെ വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിച്ച ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കുംകുറിച്ചത്.

വന്യമൃഗശല്യം തടയാൻ കേന്ദ്രവും സഹായിക്കണം: മുഖ്യമന്ത്രി

വന്യമൃഗശല്യം തടയണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രം പൂർണത കൈവരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രനിയമത്തിൽ കാലോചിതമാറ്റം കൊണ്ടുവരണം. ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന് പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രത്യേക പദ്ധതികളും ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷികളും സംയോജിപ്പിച്ച് നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകബാങ്ക് സഹകരണത്തോടെ 2365 കോടി രൂപയുടെ കേരപദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണം നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും ഗുണം ചെയ്യും. 40 വർഷങ്ങൾക്കു ശേഷമാണ് ലോകബാങ്കിന്റെ ബൃഹദ് പദ്ധതി കാർഷികമേഖലയ്ക്കു ലഭിക്കുന്നത്.

-മുഖ്യമന്ത്രി

കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്പന്നങ്ങൾക്ക് വില കർഷകനല്ല, വിപണിയാണ് നിശ്ചയിക്കുന്നത്. അതിൽ മാറ്റംവരണം. മെച്ചപ്പെട്ട വരുമാനം കർഷകർക്ക് ലഭിക്കണം.

-കൃഷിമന്ത്രി