വാ തുറന്ന് പകർച്ചവ്യാധികൾ, തടവുപുള്ളികൾ കൂടുന്നു, ജയിലിൽ കിടക്കാനിടമില്ല..!
തൃശൂർ: ഒരു തടവുപുള്ളിക്ക് അനുവദിച്ച സ്ഥലത്ത് ജയിലുകളിൽ കഴിയുന്നത് രണ്ടും മൂന്നും പേർ. ഒരാൾക്ക് അനുവദിച്ച 40 ചതുരശ്രയടിയിൽ ഇത്രയും പേർ കഴിയുന്നതിനാൽ പകർച്ചവ്യാധികളടക്കം പടരാനുള്ള സാദ്ധ്യതയേറെ. ഓരോ ദിവസം ചെല്ലുംതോറും ജയിലിൽ തടവുപുള്ളികളുടെ എണ്ണം കൂടിവരുന്നതോടെ ജയിൽ നടത്തിപ്പ് അവതാളത്തിലാകുന്ന സ്ഥിതിയാണ്.
വായുസഞ്ചാരം കൂടുതലുള്ള നാല് മീറ്റർ ഉയരമുള്ള സെല്ലുകൾ തടവുകാർക്ക് അനുവദിക്കണമെന്നാണ് ജയിൽ നിയമം. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. ഉൾക്കൊള്ളേണ്ടതിലും ഇരട്ടിയിലധികം പേരാണ് ഇവിടെയുള്ളത്. പത്തനംതിട്ട ജില്ലാ ജയിൽ നവീകരണത്തിനായി അടച്ചിട്ടതിനാൽ അവിടെ നിന്നുള്ളവരെയും തിരുവനന്തപുരം ജയിലിലേക്കാണ് മാറ്റുന്നത്. അതേസമയം കണ്ണൂരിൽ 200ഓളം പേർ മാത്രമാണ് കൂടുതലായുള്ളത്.
ഒന്നര വർഷം മുമ്പ് ജയിലുകളിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം എണ്ണായിരം വരെയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരമത് 10,322 ആണ്. പലപ്പോഴുമത് പതിനൊന്നായിരം കടക്കും. അതേസമയം താമസിക്കാവുന്നവരുടെ എണ്ണം 7367 ആണ്. ഒരു ബാരക്കിൽ പാർപ്പിക്കാവുന്നവരുടെ എണ്ണം പത്താണെങ്കിൽ ഉള്ളത് പതിനഞ്ചിന് മുകളിലാണ്.
പകർവ്യാധി ഭീഷണിയേറെ
ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം വർദ്ധിച്ചതോടെ പകർച്ചവ്യാധി ഭീഷണിയേറെ. അസുഖമുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റണമെന്നാണ് ചട്ടമെങ്കിലും പലപ്പോഴും അതിന് സാധിക്കാറില്ല. സെൻട്രൽ ജയിലിൽ ദിവസവും 20നും മുപ്പതിനും ഇടയിൽ തടവുപുള്ളികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമാണ്. ഇതിനാവശ്യമായ വാഹനങ്ങൾ പോലുമില്ല. 15 വർഷം തികഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിയമം കർശനമാക്കിയതോടെ നിരവധി വാഹനങ്ങളാണ് കട്ടപ്പുറത്തുള്ളത്. ചിലരെ ഓട്ടോയിലാണ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത്.
രാസലഹരി കേസ് കൂടുന്നു
പുതുതായെത്തുന്നവരിൽ 40 ശതമാനത്തിലേറെയും രാസലഹരി കേസിൽ ഉൾപ്പെട്ടവരാണ്. ഇതിന് പുറമെ പോക്‌സോ കേസുമുണ്ട്. ഈ കേസുകളിൽ ജാമ്യം ലഭിക്കാൻ കാലതാമസമെടുക്കും. അന്യഭാഷാ തടവുകാരിൽ 70 ശതമാനത്തിലേറെ പേർ ലഹരി കേസിൽ റിമാൻഡിലായവരാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ മാത്രം 20 വിദേശ രാജ്യങ്ങളിൽ നിന്നായി 65 തടവുകാരുണ്ട്.