സഹോദരീ ഭർത്താവിനെ കുത്തിയ ആൾ അറസ്റ്റിൽ

Monday 18 August 2025 1:22 AM IST

ആര്യനാട്: സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആര്യനാട് തോളൂർ സ്വദേശിയായ രതീഷ്(35)നെയാണ് കൊക്ക് ഷിജു എന്ന സിജു കുമാർ കുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 4ന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജിൽ തോളൂർ മുതുവണ്ടാൻകുഴി എൽ.പി സ്കൂളിന് സമീപമുള്ള വിമലാ ഭവനിൽ അതിക്രമിച്ച് കയറിയാണ് സിജു കുമാർ ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും രതീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വധശ്രമക്കേസുകളിൽ പ്രതിയായ ഇയാൾ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടയാളാണ്. ആര്യനാട് എസ്.എച്ച്.ഒ ശ്യാംരാജ് ജെ.നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഷാഡോ ടീമംഗങ്ങളായ എസ്.ഐ ഹരിലാൽ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവരും ആര്യനാട് സ്റ്റേഷനിലെ മനോജ്,രാജേഷ്,രഞ്ജിത്ത് എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.