പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Monday 18 August 2025 12:29 AM IST
തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് ആരോപണം ഉന്നയിച്ച ടി.എൻ.പ്രതാപനോട് സത്യവാങ് മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. പരാതി സംബന്ധിച്ച വിശദാംശങ്ങളും തെളിവുകളും രേഖാമൂലം ഒപ്പിട്ട് കൈമാറാനാണ് നിർദ്ദേശം. നിർദ്ദേശം പാലിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. സത്യവാങ്മൂലം ഒപ്പിട്ട് നൽകില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ടി.എൻ.പ്രതാപൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിന് സമാനമായ മറുപടിയാണ് തനിക്കും ലഭിച്ചത്. സത്യവാങ്മൂലം ഒപ്പിട്ട് നൽകിയാൽ പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ് അവസാനിപ്പിക്കുകയാകും കമ്മിഷന്റെ അടുത്ത നടപടിയെന്നും പ്രതാപൻ വിശദീകരിച്ചു.