മധുരയെ ഇളക്കി മറിക്കാൻ ദളപതി, ടി.വി.കെയുടെ രണ്ടാം സമ്മേളനം പരപതിയിൽ 20 ലക്ഷം പ്രവർത്തകർ പങ്കെടുക്കും

Monday 18 August 2025 12:31 AM IST

ചെന്നൈ: ടി.വി.കെയുടെ രണ്ടാമത് സംസ്ഥാന സമ്മേളനം 25ന് മധുരയിൽ നടക്കും. തെക്കൻ തമിഴ്നാട്ടിൽ നിന്നും 20 ലക്ഷം പ്രവർത്തകർ സമ്മേളനത്തിനെത്തും. പാർട്ടിയുടെ രാഷ്ട്രീയ രൂപരേഖ സമ്മേളനത്തിൽ തയ്യാറാക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടി നയം പ്രസിഡന്റുകൂടിയായ നടൻ വിജയ് പ്രഖ്യാപിക്കും. തെക്കൻ മധുരയിലെ പരപതി ഗ്രാമത്തിലാണ് സമ്മേളനം നടക്കുക. ഇവിടെ സമ്മേളന വേദിയുടെ തറക്കല്ലിടൽ ചടങ്ങിൽ ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദും പാർട്ടി പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ നടന്ന പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലെ വൻ ജനപങ്കാളിത്തമാണുണ്ടായത്.

എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടുമൊരു സിനിമാതാരം ആധിപത്യം നേടുമെന്നാണ് വിജയ് അന്ന് പ്രഖ്യാപിച്ചത്. ഡി.എം.കെ ഭരണത്തെ കടന്നാക്രമിക്കുകയും 2026ൽ എല്ലാ സീറ്റിലും മത്സരിച്ച് അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം റാലി നടത്തുമെന്ന് പാർട്ടി തീരുമാനിച്ചുവെങ്കിലും അതുണ്ടായില്ല. 25ന് വിജയ്‌യുടെ റോഡ് ഷോയ്ക്കു ശേഷമായിരിക്കും സമ്മേളനം.

മറ്റ് പാർട്ടികൾ മധുരയിൽ വമ്പൻ പരിപാടികൾ സംഘടിപ്പിച്ചതിനു പുറകെയാണ് വിജയ് ശക്തി പ്രകടനത്തിനെത്തുന്നത്.

ഡി.എം.കെ നഗരത്തിൽ അവരുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിരുന്നു. ഹിന്ദു മുന്നണി മുരുകന്റെ ഭക്തരുടെ ഒരു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്തിടെ അവിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു.