കുവൈറ്റ് വിഷ മദ്യ ദുരന്തം: 67 പേർ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: ഇന്ത്യക്കാർ അടക്കം 23 ഏഷ്യൻ പ്രവാസികളുടെ ജീവനെടുത്ത വിഷ മദ്യ ദുരന്തത്തിന് പിന്നാലെ,അനധികൃതമായി മദ്യം നിർമ്മിച്ച് വിതരണം ചെയ്ത സ്ത്രീകൾ അടക്കം 67 പേരെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഓപ്പറേഷനുകളിലാണ് ഇവരെ പിടികൂടിയത്. കൂട്ടത്തിൽ ഇന്ത്യക്കാരുമുണ്ട്. ഇവരിൽ നിന്ന് വിഷ മദ്യവും പിടികൂടി.
ജനവാസ,വ്യാവസായിക മേഖലകളിൽ രഹസ്യമായി മദ്യം നിർമ്മിച്ചിരുന്ന ആറ് കേന്ദ്രങ്ങൾ അധികൃതർ പിടിച്ചെടുത്തു. പ്രവർത്തന രഹിതമായ നാല് കേന്ദ്രങ്ങളും പൊലീസ് കണ്ടെത്തി. അനധികൃത മദ്യ ശൃംഖലയുടെ തലവനായ ബംഗ്ലാദേശി പൗരനും ഇയാളുടെ പ്രധാന സഹായികളായ ഉത്തരേന്ത്യക്കാരനും രണ്ട് നേപ്പാൾ പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
9 മുതലാണ് ജലീബ് അൽ-ഷുയൂഖ് മേഖലയിലെ അനധികൃത വില്പന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങിയവരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചു തുടങ്ങിയത്. 160 പേർ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. മരണ സംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. 21 പേർക്ക് കാഴ്ച നഷ്ടമായി.
കണ്ണൂർ സ്വദേശി അടക്കം ഇന്ത്യക്കാരും നേപ്പാൾ,ശ്രീലങ്ക,ബംഗ്ലാദേശ് പൗരന്മാരുമാണ് മരണപ്പെട്ടത്. കുവൈറ്റ് ചട്ടപ്രകാരം ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പേരോ രാജ്യമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 40ഓളം ഇന്ത്യക്കാർ ദുരന്തത്തിന്റെ ഇരയായെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.