സി പി രാധാകൃഷ്‌ണന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടി ബിജെപി, ഒരു പാർട്ടിയിലും അംഗമല്ലാത്ത സ്ഥാനാർത്ഥിക്കായി കോൺഗ്രസ്
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മുതിർന്ന ബിജെപി നേതാവും മഹാരാഷ്‌ട്ര ഗവർണറുമായ സി പി രാധാകൃഷ്‌ണനെ എൻഡിഎ തീരുമാനിച്ചത് കഴിഞ്ഞദിവസമാണ്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി തീരുമാനം ഇന്ന് രാവിലെ 10.15ന് രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിൽ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗശേഷമേ അറിയാനാകൂ. സി പി രാധാകൃഷ്‌ണനെ ഐക്യകണ്ഠേന തിരഞ്ഞെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചുകഴിഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി.
അതേസമയം ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിലെ തീരുമാനം. ഇതിനായി രാഷ്‌ട്രീയ പാർട്ടികളിലൊന്നിലും അംഗമല്ലാത്തവരെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ന് രാവിലെ തീരുമാനമാകും. ഇന്ത്യ സഖ്യത്തിലെ സജീവകക്ഷിയായ ഡിഎംകെയുമായി സ്ഥാനാർത്ഥി വിഷയം രാഹുൽ ഗാന്ധി ചർച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ഇതിനായി എം കെ സ്റ്റാലിനെ രാഹുൽ കണ്ടേക്കും.
തമിഴ്‌നാട് സ്വദേശിയാണെങ്കിലും സി പി രാധാകൃഷ്‌ണന് പിന്തുണ നൽകില്ല എന്നുതന്നെയാണ് ഡിഎംകെ തീരുമാനം. ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് തങ്ങളുടെ രാഷ്‌ട്രീയ നിലപാട് എന്നിരിക്കെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി തമിഴ്‌നാട്ടിൽ നിന്നായാലും എതിർക്കാനാണ് പാർട്ടി തീരുമാനം. തമിഴ്‌നാട്ടുകാരനായിട്ടും എതിർക്കുന്നതെന്ത് എന്ന ചോദ്യത്തിന് തമിഴ്‌നാടിന് അദ്ദേഹം എന്തുനൽകി എന്ന മറുചോദ്യം വഴി പ്രതിരോധിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
2020-22 കാലയളവിൽ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്‌ണൻ. 2016-20 കാലഘട്ടത്തിൽ കയർബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഏറെയും മലയാളികളാണ്. ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയാണ് പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഏകകണ്ഠമായി അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്നും നദ്ദ പറഞ്ഞു. സെപ്തംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഒഴിവുവന്നത്. സി.പി. രാധാകൃഷ്ണൻ മികച്ച ഉപരാഷ്ട്രപതിയായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് അക്കൗണ്ടിൽ കുറിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും പങ്കുവച്ചു.