ശോഭാ യാത്രക്കിടെ അപകടം, വൈദ്യുതാഘാതമേറ്റ് മരിച്ചത് അഞ്ചുപേർ, നാലുപേർക്ക് പരിക്ക്

Monday 18 August 2025 10:05 AM IST

ഹൈദരാബാദ്: ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലാണ് സംഭവം. കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്രക്കിടെ രഥം വൈദ്യുതിലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിയിലുള്ള ഗോകുൽനഗറിലാണ് അപകടമുണ്ടായത്. ഒൻപത് പേർ ചേർന്നാണ് രഥം നിയന്ത്രിച്ചിരുന്നത്. ഇതിനിടെയാണ് രഥം കൊണ്ടുപോവുകയായിരുന്ന വാഹനം വൈദ്യുതിലൈനിൽ തട്ടിയത്. വൈദ്യുതാഘാതത്തിന്റെ ശക്തിയിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചുപോയി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകൾ ഓടിരക്ഷപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക ചികിത്സയ്ക്കുശേഷം വൈദ്യുതാഘാതമേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്‌ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ കേന്ദ്രന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഗൺമാൻ ശ്രീനിവാസും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങൾ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.