'ഇടപ്പള്ളി  സെക്‌സ്  വർക്കേഴ്‌സ്' എന്ന് റമീസ് സെർച്ച് ചെയ്തു, റൂട്ടുമാപ്പും കിട്ടി; ഉപ്പയെ അറിയിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ അവഗണിച്ചു

Monday 18 August 2025 12:41 PM IST

കൊച്ചി: കോതമംഗലത്തെ 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിന്റെ (24) മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇന്നുതന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും. അതേസമയം, നിലവിൽ റിമാൻഡിലുള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും പറയുന്ന പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. റമീസിൽ നിന്ന് നേരിട്ട അവഗണനയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരിൽ പെൺകുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാൻ റമീസ് പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാപ്രേരണാക്കുറ്റം, ദേഹോപദ്രവമേൽപ്പിക്കൽ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റമീസ് പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സഹോദരൻ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചിരുന്നു.

റമീസും പെൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റമീസ് 'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെയും ഇടപ്പള്ളിയിൽ പോയതിന്റെയും റൂട്ട് മാപ്പും പെൺകുട്ടി കണ്ടെത്തിയിരുന്നു. ഇതാണ് തർക്കങ്ങൾക്ക് തുടക്കമായത്. പിന്നാലെ റമീസ് അനാശാസ്യത്തിന് പോയെന്ന് വീട്ടിലെത്തി പെൺകുട്ടി റമീസിന്റെ ഉപ്പയോട് പറഞ്ഞു. ഇതുകേട്ട ഉപ്പ റമീസിനെ തല്ലി. തുടർന്ന് ദേഷ്യത്തോടെ വീടുവിട്ട റമീസ് പിന്നീട് പെൺകുട്ടിയോട് സംസാരിച്ചില്ല. മതംമാറിയാൽ മാത്രമേ വിവാഹം കഴിക്കൂവെന്നും തറപ്പിച്ചുപറഞ്ഞു. പിന്നീട് റമീസിനെ ഫോണിലും കിട്ടിയില്ല. റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസിലാക്കിയ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് കുറിപ്പെഴുതി വച്ചതിനുശേഷം ജീവനൊടുക്കിയത്.