പ്രവാസ ജീവിതത്തിന് ഒരുങ്ങുന്നവരാണോ? ജോലിയായാലും പഠനമായാലും ഏറ്റവും നല്ലത് ഈ രാജ്യങ്ങളിലെന്ന് റിപ്പോർട്ട്
നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് എല്ലാവരും വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നത്. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ജോലിക്കും പഠനത്തിനും ഇഷ്‌ടമുള്ള രാജ്യങ്ങൾ വ്യത്യസ്‌തപ്പെടാം. 2025ൽ ഏറ്റവും നന്നായി ജോലിചെയ്യാനും ജീവിക്കാനും കഴിയുന്ന രാജ്യങ്ങളുടെ പട്ടിക ഹെൻലി ഓപ്പർച്യൂണിറ്റി ഇൻഡക്‌സ് വഴി പുറത്തുവന്നിട്ടുണ്ട്.
സ്വിറ്റ്‌സർലാൻഡ്
വരുമാന സാദ്ധ്യത, കരിയർ പുരോഗതി, തൊഴിൽ സാദ്ധ്യത, മികച്ച വിദ്യാഭ്യാസം, സാമ്പത്തികമായ ചടുലത, ജീവിതക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻഡക്‌സിൽ 84 ശതമാനം സ്‌കോർ നേടി സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്തെത്തിയത്. സമാനതകളില്ലാത്ത കരിയർ സാദ്ധ്യതയും ശക്തമായ കരിയർ പുരോഗതിയും മികച്ച തൊഴിൽ സാദ്ധ്യതയും നൽകുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഈ രാജ്യത്തെ സാമ്പത്തികനിലയും ഭദ്രമാണ്. ജീവിത നിലവാരം, ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളിൽ ലോകനിലവാരം പുലർത്തുന്നതാണ് ഈ രാജ്യം. ലോകത്തിലെ മികച്ച 250 സർവകലാശാലകളിൽ ഏഴെണ്ണം സ്വിറ്റ്സർലാൻഡിലാണ്. സ്വസ്ഥവും സുന്ദരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളതും.
സിംഗപ്പൂർ
ലോകത്തിലെ സാമ്പത്തിക ഹബ് എന്ന് വിളിക്കാവുന്ന സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. നഗരകേന്ദ്രീകൃത തൊഴിൽ രീതിയും വിദ്യാഭ്യാസ സമ്പ്രദായവും സിംഗപ്പൂരിൽ മികവുറ്റതാണ്. ഗ്ളോബൽ ഇൻവെസ്റ്റേഴ്‌സ് പ്രോഗ്രാം ധനികരായ നിക്ഷേപകരെ ഈ രാജ്യത്ത് വിവിധ മേഖലകളിൽ നിക്ഷേപത്തിന് ക്ഷണിക്കുന്നുണ്ട്. കുറഞ്ഞ നികുതി, സുരക്ഷ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ പലരുടെയും ഇഷ്‌ട ജോലിസ്ഥലമായി സിംഗപ്പൂരിനെ മാറ്റി. ഹെൻലി ഓപ്പർച്യൂണിറ്റി ഇൻഡക്‌സ് പ്രകാരം 79 ശതമാനം സ്‌കോറാണ് സിംഗപ്പൂർ നേടിയത്.
അമേരിക്ക
സിംഗപ്പൂരിന് തൊട്ടുപിന്നിലായി മികച്ച ജീവിത നിലവാരമുള്ള അമേരിക്കയാണ് ഹെൻലി ഓപ്പർച്യൂണിറ്റി ഇൻഡക്‌സ് പ്രകാരം മൂന്നാമത്. 78 ശതമാനം സ്‌കോർ അമേരിക്ക നേടുന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ പതിറ്റാണ്ടുകളായി അമേരിക്കയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ടെക്, സാമ്പത്തിക, എന്റർടെയ്‌ൻമെന്റ് രംഗത്ത് രാജ്യം വളരെ മികവ് പുലർത്തിയിട്ടുണ്ട്. അവസരങ്ങളുടെ നാട് എന്നാണ് അമേരിക്കയെ വിളിക്കാറ്. ഇബി-5 പോലെ കുടിയേറ്റ നിക്ഷേപ പരിപാടികളിലൂടെ സാമ്പത്തിക മേഖല മറ്റ് നാട്ടുകാർക്ക് സൗകര്യം ചെയ്‌തുവരുന്നു.
76 ശതമാനം സ്‌കോർ നേടിയ ഓസ്‌ട്രേലിയയാണ് അടുത്ത സ്ഥാനം നേടിയത്. മികച്ച ജീവിതശൈലിയും മികവാർന്ന ആരോഗ്യരംഗവുമാണ് ഓസ്‌ട്രേലിയയ്‌ക്കുള്ളത്. ടെക്‌നോളജി, ആരോഗ്യസംരക്ഷണം, നിർമ്മാണം എന്നീ മേഖലകളിലെ മികവാർന്നവർക്ക് നാഷണൽ ഇന്നൊവേഷൻ വിസ നൽകും.
കാനഡ
അഞ്ചാം സ്ഥാനത്തുള്ളത് കാനഡയാണ്. ഹെൻലി ഓപ്പർച്യൂണിറ്റി ഇൻഡക്‌സ് അനുസരിച്ച് 73 ശതമാനം സ്‌കോർ ആണ് കാനഡ നേടിയത്. ഏവരെയും സ്വാഗതം ചെയ്യുന്ന ഇമിഗ്രേഷൻ നിയമവും ഉയർന്ന ജീവിതനിലവാരവും ശക്തമായ തൊഴിൽ മാർക്കറ്റുമാണ് രാജ്യത്തുള്ളത്. സ്റ്റാർട്ട് അപ് വിസ പ്രോഗ്രാം വഴി നിക്ഷേപകർക്കും രാജ്യം സൗഹൃദ അന്തരീക്ഷമേകുന്നു. ഇതിനൊപ്പം പ്രകൃതി സൗന്ദര്യത്തിലും മികച്ച രാജ്യമാണ്.
യുകെ
70 ശതമാനം സ്‌കോർ നേടിയ യുണൈറ്റഡ് കിംഗ്‌ഡം ആണ് ആറാമത്. ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്‌ജ് പോലെ ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ യുണൈറ്റഡ് കിംഗ്‌ഡത്തിലുണ്ട്. സാമ്പത്തികം, സാങ്കേതിക വിദ്യ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ബ്രിട്ടണിൽ മികവാർന്നതാണ്. നിക്ഷേപകർക്കായി ഇന്നൊവേറ്റർ ഫൗണ്ടർ വിസയും രാജ്യത്തുണ്ട്.
യുഎഇ
നിരവധി മലയാളികളുടെ സ്വപ്‌നരാജ്യമായ യുഎഇയ്‌ക്ക് ഹെൻലി ഓപ്പർച്യൂണിറ്റി ഇൻഡക്‌സ് പ്രകാരം 67 ശതമാനം സ്‌കോർ ഉണ്ട്. നികുതി രഹിത വരുമാനം സമ്പാദിക്കാനാകുന്ന ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിൽ തൊഴിൽ ചെയ്യാൻ ആരും കൊതിക്കും. എല്ലാവർഷവും ആ സ്വപ്നം കണ്ട് ആയിരങ്ങളാണ് യുഎഇയിൽ എത്തുന്നത്. ഗോൾഡൻ വിസ, ഗോൾഡൻ റസിഡൻസ് പെർമിറ്റ് അനുവദിക്കുന്ന എമിറേറ്റിൽ മികച്ച ജോലി, പഠന അവസരമാണുള്ളത്. ഇവ നിക്ഷേപകരെയും ആകർഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലെ പുതുമ, ധനകാര്യ, റിയൽ എസ്‌റ്റേറ്റ്, ടൂറിസം മേഖലയിലെ പുരോഗതി എന്നിവ ഏതൊരാളുടെയും കരിയർ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്.