പ്രണയം നിരസിച്ച 17കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞു,​ പാലക്കാട് രണ്ടുപേർ പിടിയിൽ

Monday 18 August 2025 1:37 PM IST

പാലക്കാട്: പ്രണയം നിരസിച്ച പകയിൽ 17കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് യുവാക്കൾ. എറിഞ്ഞ ബോംബ് പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശേരി സ്വദേശി രാഹുൽ,​ തോലന്നൂർ സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ വീടിന്റെ ബെഡ്‌റൂമിലെ ജനൽചില്ലകൾ ആക്രമണത്തിൽ തകർന്നു.

രാഹുലും അഖിലുമായി പെൺകുട്ടിയ്‌ക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നു. ഇവരിൽ ഒരാളുമായുള്ള ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടായതോടെ പെൺകുട്ടി പിന്മാറി. ഇതിനുപിന്നാലെയാണ് ഇരുവരും ബൈക്കിലെത്തി വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. ആദ്യം വീട്ടിലെ ജനൽചില്ല എറിഞ്ഞുതകർത്തു. പിന്നെ പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞു പക്ഷെ മഴയായതിനാൽ തീ കത്തിയില്ല. ആക്രമണം നടത്തിയയുടൻ ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിക്കപ്പെടുകയായിരുന്നു. പിടിയിലായ യുവാക്കളിൽ ഒരാൾ കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ്.