ഒരുമിച്ച് തിരികൊളുത്തി കാളിദാസും ഇഷാനി കൃഷ്ണയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന, ദിയ, ഇഷാനി , ഹൻസിക എന്നിവരാണ് കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും മക്കൾ. ഇതിൽ മൂന്നാമത്തെ മകളായ ഇഷാനിയുടെ പുതിയ സിനിമ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ ജയറാമും കാളിദാസ് ജയറാമുമാണ് പ്രധാനവേഷത്തിലെത്തുന്നത്. 'ആശകൾ ആയിരം' എന്നാണ് ചിത്രത്തിന്റെ പേര്.
കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ ഇഷാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന സിനിമയുടെ പൂജാ ചടങ്ങുകളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കാളിദാസും ഇഷാനിയും വിളക്കിൽ തിരികൊളുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 'വൺ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനി തന്റെ അരങ്ങേറ്റം കുറിച്ചത്. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടംനേടിയ ജി പ്രജിത് ആണ് 'ആശകൾ ആയിരം' സംവിധാനം ചെയ്യുന്നത്. മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന. ജയറാമിന്റെ നായികയായി ആശ ശരത്തും എത്തുന്നുണ്ട്. ഛായാഗ്രഹണം ഷാജി കുമാർ.
നായകനായ ശേഷം കാളിദാസ് ഇതാദ്യമായാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. 2000 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകനായാണ് കാളിദാസന്റെ അരങ്ങേറ്റം. 2003 ൽ സിബിമലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അംഗീകാരം ലഭിച്ചു.