പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചൊവ്വാഴ്ച; രണ്ടിലധികം പേരുകള്‍ പരിഗണനയില്‍

Monday 18 August 2025 7:14 PM IST

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. രണ്ടില്‍ അധികം പേരുകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചയായി. ഡിഎംകെയുടെ രാജ്യസഭാ അംഗം തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുച്ചി ശിവ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സിപി രാധാകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളാണ്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് സിപി രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ് അദ്ദേഹം. ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ഒബിസി വിഭാഗത്തില്‍പ്പെടുന്ന തമിഴ്‌നാട്ടിലെ പ്രബലരായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ തിരുപ്പൂര്‍ സ്വദേശിയാണ്. കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ അദ്ദേഹം ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്‍ തിരുപ്പൂരില്‍ 1957 ഒക്ടോബര്‍ 20നാണ് ജനിച്ചത്. പൊതു ജീവിതത്തിന്റെ തുടക്കം ആര്‍.എസ്.എസ് സ്വയംസേവകനായിട്ടായിരുന്നു. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ തമിഴ്‌നാട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി. 1996ല്‍ ബി.ജെ.പി തമിഴ്‌നാട് ഘടകം സെക്രട്ടറിയായി.