ഗംഭീര ആക്ഷൻ വിരുന്നുമായി അങ്കം അട്ടഹാസം ട്രെയിലർ
സുജിത്ത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഗ്യാങ് സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസത്തിന്റ ട്രെയിലർ സൂപ്പർ താരം മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശോഭന, മഞ്ജു വാര്യർ, മമിത ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. രണ്ട് മിനിട്ട് ദൈർഘ്യം വരുന്ന ട്രെയിലർ ചിത്രത്തെക്കുറിച്ച് പ്രതീക്ഷകൾ വാനോളമുയർത്തി . പ്രേക്ഷകർക്ക് ഗംഭീര ആക്ഷൻ വിരുന്ന് തന്നെയായിരിക്കും അങ്കം അട്ടഹാസമെന്നാണ് ട്രെയിലർ നല്കുന്ന സൂചന. മാധവ് സുരേഷും ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പും മക്ബൂൽ സൽമാനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അങ്കം അട്ടഹാസത്തിൽ നന്ദു, അലൻസിയർ,എം.എ നിഷാദ്, സ്മിനു സിജോ, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പുതുമുഖം അംബികയാണ് നായിക. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ.ജി.യും, സാമുവൽ മത്തായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് തെന്നിന്ത്യയിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറായ ഫീനിക്സ് പ്രഭു ഉൾപ്പടെയുള്ള ആറ് സംഘട്ടന സംവിധായകർ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകളായിരിക്കും. ഛായാഗ്രഹണം ശിവൻ.എസ്. സംഗീത്,എഡിറ്റിംഗ് പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട് . സെപ്തംബർ അവസാനം റിലീസ് ചെയ്യും.