ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ രാജാവ്
വിട വാങ്ങിയത് ഏറ്റവും കുറച്ചു ദിവസം കൊണ്ട് ജനപ്രിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് സംവിധായകനായി മാറിയതാണ് നിസാറിന്റെ ജീവിത കഥ
ചെറിയ ബഡ്ജറ്റിൽ മുഖ്യധാര ചിത്രങ്ങൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ രാജാവായാണ് മലയാള സിനിമയിൽ സംവിധായകൻ നിസാർ അറിയപ്പെട്ടത്. 1994 ൽ അരങ്ങേറ്റ ചിത്രമായ സുദിനം മുതൽ 2023 ൽ സംവിധാനം ചെയ്ത ടൂ മെൻ ആർമി വരെ 26 ചിത്രങ്ങളും ചെറിയ ബഡ്ജറ്റിൽ ആണ് നിർമ്മിച്ചത്.
ത്രീമെൻ ആർമി, പടനായകൻ, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ബ്രിട്ടീഷ് മാർക്കറ്റ്, ക്യാപ്ടൻ, ഓട്ടോ ബ്രദേഴ്സ് എന്നീ ചിത്രങ്ങൾ നിർമ്മാതാക്കൾക്ക് വൻലാഭം നേടികൊടുത്തു.
ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്ത് ഒാട്ടോറിക്ഷ ഡ്രൈവറായി ജീവിതം ആരംഭിച്ച നിസാറിന് സിനിമയോട് ഇഷ്ടം തോന്നുന്നത് യാദൃശ്ചികമായി.സംവിധായകൻ തുളസിദാസിന്റെ ശിഷ്യനായി തുടക്കം. നാട്ടുകാരൻ കൂടിയായ ബാബു ജനാർദ്ദനന്റെ രചനയിലാണ് ജയറാമും മാധവിയും പ്രധാന വേഷത്തിൽ എത്തിയ സുദിനം ഒരുക്കിയത്. സാമൂഹ്യ സന്ദേശം നൽകുന്ന സുദിനത്തിനുശേഷം ട്രാക്ക് മാറി. ദിലീപ് നായകനായ ത്രീമെൻ ആർമി കളക്ഷൻ റെക്കാഡുകൾ തൂത്തെറിഞ്ഞു. ഒാട്ടോറിക്ഷ ഡ്രൈവർമാരുടെ ജീവിതം പറഞ്ഞ് ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് താനാണെന്ന് നിസാർ പറയാറുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒഴികെ അക്കാലത്തെ ഒട്ടുമിക്ക താരങ്ങളും നിസാറിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രൻസ്, ഷഹീൻ സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ടു മെൻ ആർമി നാലു ദിവസം കൊണ്ടാണ് പൂർത്തിയായത്. കെ.കെ. ഹരിദാസ്, ലാൽജോസ്, അൻവർ റഷീദ്, മാർത്താണ്ഡൻ, ജോണി ആന്റണി തുടങ്ങിയവർ
നിസാറിന്റെ ശിഷ്യൻമാരായി പ്രവർത്തിച്ചിട്ടുണ്ട്.