യുക്രെയിൻ യുദ്ധം അവസാനിക്കുമോ?
പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയതാണ് അലാസ്‌കയിലെ ട്രംപ് - പുട്ടിൻ ഉച്ചകോടിയെങ്കിലും അവ്യക്തതകളാണ് ഇപ്പോഴും അവശേഷിക്കുന്നത്. ലോകത്തിലെ രണ്ട് വൻശക്തികളുടെ അധിപന്മാർ തമ്മിൽ കൂടിക്കാഴ്ച നടന്നത് ഏതായാലും ആശ്വാസപ്രദമായ കാര്യം തന്നെയാണ്. പ്രത്യേകിച്ചും, യുക്രെയിൻ യുദ്ധത്തിൽ റഷ്യ എതിർകക്ഷിയായി തുടരുന്ന സന്ദർഭത്തിൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ച യു.എസ് നടപടിയിലും ഈ കൂടിക്കാഴ്ചയ്ക്കു ശേഷം മാറ്റം വരുമെന്ന പ്രതീക്ഷയും ഉയർന്നിരുന്നതാണെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ല. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചർച്ചയ്ക്കു ശേഷം ഇരുനേതാക്കളും പ്രതികരിച്ചത് ലോകത്തെ സമാധാനപ്രേമികൾക്ക് നേരിയ ആശ്വാസം പകരുന്നതാണ്.
പന്ത് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയുടെ കോർട്ടിലാണെന്ന് ട്രംപ് പറഞ്ഞെങ്കിലും പുട്ടിൻ അക്കാര്യത്തിൽ മൗനം അവലംബിക്കുകയാണ് ചെയ്തത്. സെലൻസ്‌കിയും ട്രംപും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം യുദ്ധം അവസാനിപ്പിക്കുന്ന കരാർ റഷ്യയും യുക്രെയിനും തമ്മിൽ അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതേസമയം, സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ യുക്രെയിന് നാറ്റോയുടെ വാതിൽ തുറക്കില്ലെന്നും റഷ്യ പിടിച്ചെടുത്ത ക്രൈമിയ തിരിച്ചുനൽകുന്നത് ചർച്ചയാക്കില്ലെന്നും ട്രംപ് തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചിരിക്കുകയാണ്. യുക്രെയിൻ നാറ്റോ പ്രവേശന ശ്രമം ഉപേക്ഷിക്കണമെന്നത് റഷ്യയുടെ ഏറ്റവും പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. അതോടൊപ്പം റഷ്യയ്ക്കു മേലുള്ള ഉപരോധങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പിൻവലിക്കാൻ തയ്യാറായാൽ യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ ഒഴികെയുള്ള ചില സ്ഥലങ്ങൾ വിട്ടുകൊടുക്കാൻ റഷ്യ തയ്യാറായേക്കും എന്നാണ് സൂചന. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതിചെയ്യുന്ന സപോറീസ വിട്ടുകൊടുക്കാൻ യുക്രെയിൻ തയ്യാറാകാനും സാദ്ധ്യതയില്ല.
അമേരിക്ക ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ പിഴച്ചുങ്കം ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇന്ത്യയ്ക്കു മേൽ ഇതിനു പുറമെ ദ്വിതീയ തീരുവകളും ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നതാണെങ്കിലും അലാസ്‌കയിലെ ഉച്ചകോടിക്കു ശേഷം അതുണ്ടാകില്ലെന്ന് ട്രംപ് സൂചിപ്പിച്ചത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.
'ട്രംപിന് ഒന്നും നഷ്ടപ്പെട്ടില്ല. പക്ഷേ ജയിച്ചത് പുട്ടിനാണ്" എന്നാണ് യു.എസിന്റെ യു.എൻ സ്ഥാനപതിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ജോൺ ബോൾട്ടൺ പ്രതികരിച്ചത്. യു. എസുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിൽ പുട്ടിന് ഏറെ ദൂരം മുന്നോട്ടു പോകാൻ കഴിഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് ഇനിയും കൂടിക്കാഴ്ചകൾ നടത്തേണ്ടിവരും.
ഏതായാലും മൂന്നര വർഷമായി തുടരുന്ന യുക്രെയിൻ യുദ്ധം അവസാനിച്ചുകാണാൻ ലോക രാജ്യങ്ങളിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ട്. ഒരു തുടക്കമുണ്ടെങ്കിൽ ഒരു അവസാനവും വേണമല്ലോ. ഇതിനോടൊപ്പം തന്നെ ഗാസയിലെ കൂട്ടക്കുരുതികളും അവസാനിക്കേണ്ടതുണ്ട്. യുക്രെയിൻ യുദ്ധം തീർന്നാൽ അതിന് അനുബന്ധമായി ഗാസ യുദ്ധവും അവസാനിക്കാൻ സ്വാഭാവികമായും വഴിയൊരുങ്ങും. യുദ്ധങ്ങൾ ആയുധക്കച്ചവടക്കാർക്കു മാത്രമാണ് ലാഭകരമാകുക. മറ്റെല്ലാ ബിസിനസ് സംരംഭങ്ങളെയും അത് തളർത്തുക തന്നെ ചെയ്യും. യുദ്ധത്തിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ മാത്രമല്ല, മറ്റ് പല രാജ്യങ്ങളും യുദ്ധത്തിന്റെ കെടുതികൾ പരോക്ഷമായി അനുഭവിക്കേണ്ടിവരും. അതിനാൽ വെടിയൊച്ചകൾ നിലയ്ക്കുന്നതാണ് മാനവരാശിക്ക് നല്ലത്.