വന്യമൃഗശല്യത്തിൽ മലയോരം ഭീതിയോടെ ജനം

Tuesday 19 August 2025 1:06 AM IST

പാലോട്: മലയോരമേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിൽ 2013ലെ കണക്കനുസരിച്ച് 11പേരാണ് മരിച്ചതെങ്കിൽ 2024 ആയതോടെ ഈ കണക്ക് ഇരട്ടിയായി. എന്നിട്ടും തീർന്നില്ല, മരണപ്പെട്ടവരുടെ കണക്കിനെക്കാൾ ഇരട്ടിയാണ് മരണക്കിടക്കയിൽ കഴിയുന്നവർ. മുമ്പ് പുലർച്ചെയും രാത്രിയിലും പുറത്തിറങ്ങിയിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ പകലും മനുഷ്യനെ ഓടിച്ചിട്ട് ആക്രമിക്കുന്ന അവസ്ഥ. കഴിഞ്ഞ വെള്ളിയാഴ്ച തിരുമല രാമമംഗലത്ത് ബംഗ്ലാവ് വീട്ടിൽ ആദർശ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷ്, തെന്നൂർ നെട്ടയം വിളയിൽ അനിൽകുമാർ, സജു എന്നിവരെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.

 പാലോട് റേഞ്ച് ഓഫീസിനു സമീപം കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. ഇവയെ തുരത്തുന്നതിനുള്ള മനുഷ്യന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തൊഴിലെടുക്കാനും കൃഷി ഇറക്കാനാകാതെയും നഷ്ടക്കണക്കുകളെണ്ണി കഴിയുകയാണ് മലയോരവാസികൾ.

 പ്രധാന കേന്ദ്രങ്ങൾ

വിതുര, പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, പഞ്ചായത്തുകളിൽ.

 വന്യമൃഗങ്ങളെ പേടിച്ച് ടാപ്പിംഗ്തൊഴിലാളികൾ ജോലിക്ക് പോകാറില്ല.

 കാട്ടുപന്നികൾക്ക് പുറമെ കാട്ടുപോത്ത്, മ്ലാവുകൾ, കരടി എന്നിവയും ജനവാസമേഖലയിലുണ്ട്.

 നെടുമങ്ങാട് താലൂക്കിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുപേരെയാണ് കരടി ആക്രമിച്ചത്.

 കൃഷിയിടങ്ങളും സ്വന്തം

സന്ധ്യയായാൽ മലയോരത്തെ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിയും ആനയും റബർ, വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, ഇടിഞ്ഞാർ തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെയെത്തും.

 ചവിട്ടിമെതിച്ച് കൃഷിയിടം

കഴിഞ്ഞ ദിവസം അഗ്രി ഫാമിന് സമീപം വാഴതോട്ടങ്ങളിലെത്തിയ കാട്ടാനക്കൂട്ടം ഷമീർ, ദിവാകരൻ നാടാർ എന്നിവരുടെ അഞ്ഞുറിലധികം വാഴകളും മരച്ചീനിയുമാണ് നശിപ്പിച്ചത്. കൂട്ടത്തികരിക്കകം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ ഹിമഗിരിയിൽ സുരേഷിന്റെയും, സുധർമ്മ വിലാസത്തിൽ അരുൺ രാജിന്റെയും തെങ്ങുകളും, വാഴയും നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്.

 പുലിപേടിയിൽ വെങ്കിട്ടമൂട്

ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന മങ്കയം എക്കോ ടൂറിസം കേന്ദ്രത്തിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വെങ്കിട്ട മൂട്ടിൽ ഞായറാഴ്ച ഉച്ചക്ക് പുലിയിറങ്ങി. വെങ്കിട്ടമൂട് ജയന്റെ ഒരു പോത്തിനെ പുലി കടിച്ചു കൊന്നു. ഇതോടെ ഈ പ്രദേശവും പുലിപ്പേടിയിലായി.