അകത്തുമുറി റെയിൽവേ സ്റ്റേഷന് അവഗണന മാത്രം

Tuesday 19 August 2025 1:27 AM IST

ആറ്റിങ്ങൽ: ഏറെ വികസന സാദ്ധ്യതയുള്ള അകത്തുമുറി റെയിൽവേ സ്റ്റേഷന്, ഇന്ന് പറയാനുള്ളത് അവഗണനയുടെ കഥകൾ മാത്രം. എട്ടിലധികം ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഇവിടെ നിലവിലത് നാലായി ചുരുങ്ങി. വിസ്തൃതിയിൽ സമീപ റെയിൽവേ സ്റ്റേഷനുകളിൽ മുന്നിലാണ് അകത്തുമുറി സ്റ്റേഷൻ.

ഇരുപത് ഏക്കറോളം വരുന്ന റെയിൽവേ ഭൂമി ഇന്ന് കാടുകയറി കിടക്കുകയാണ്. സ്ഥലവിസ്തൃതി പരിഗണിച്ച് റെയിൽവേ എഫ്.സി.ഐ ഗോഡൗണും, പാർക്കിംഗ് സംവിധാനം ഒരുക്കാനും നീക്കം നടത്തിരുന്നു.റെയിൽവേ വിഭാഗം തയ്യാറാക്കിയ പദ്ധതിയിപ്പോൾ ഫയലിലൊതുങ്ങിയിരിക്കുകയാണ്. സ്ഥലം റെയിൽവേയുടേതാണെങ്കിലും ചെറിയ തോതിൽ കൈയേറ്റവും നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ പ്രദേശത്തുള്ളവർ വർക്കല,കടയ്ക്കാവൂർ സ്റ്റേഷനുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.ഏത്രയും വേഗം അധികൃതർ ട്രെയിനുകൾക്ക് അകത്തുമുറിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആറ്റിങ്ങൽ അസംബ്ലി നിയോജക മണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷനാണിത്

അകത്തുമുറിയിൽ യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലെങ്കിലും വരുമാനം കുറവാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

ഒരുകാലത്ത് ഇവിടെ നിന്ന് കടൽ,കായൽ മത്സ്യങ്ങൾ നാടിന്റെ വിവിധയിടങ്ങളിലേക്ക് ട്രെയിൻ വഴി കയറ്റി അയച്ചിരുന്നു. ട്രെയിനുകൾ നിന്നതോടെ മീനുകളുടെ യാത്രയും നിന്നു.

നിലവിൽ സ്റ്റോപ്പുള്ളത്

രാവിലെ 7.30ന് കൊല്ലം - തിരുവനന്തപുരം പാസഞ്ചർ

12.16ന് കന്യാകുമാരി മെമു

6.53ന്,4.30ന് കന്യാകുമാരി - കൊല്ലം മെമു

6.50,8.30 കൊല്ലം പാസഞ്ചർ

മുൻപുണ്ടായിരുന്നത്

രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും, വൈകിട്ട് 3.30ന് തിരുവനന്തപുരം - കൊല്ലം ട്രെയിനും

വൈകിട്ട് 6.30ന് കൊല്ലം - തിരുവനന്തപുരം - മഥുര എക്സ്‌പ്രസിനും മുൻപ് സ്റ്റോപ്പുണ്ടായിരുന്നു.അന്ന് ടിക്കറ്റ് കളക്ഷനുമുണ്ടായിരുന്നു.