കോഴികളെയും താറാവുകളെയും കടി​ച്ചുകൊന്ന് തെരുവ് നായ്ക്കൾ

Tuesday 19 August 2025 2:08 AM IST

ഞായറാഴ്ച ദേവി​കുളങ്ങരയി​ൽ കൊന്നത് 350 കോഴി​കളെ

കായംകുളം : കോഴി, താറാവ് വളർത്തലിന് ഭീഷണിയായി തെരുവ് നായ്ക്കൾ. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ ജി​ല്ലയി​ൽ രണ്ട് ഇടങ്ങളിലാണ് വലിയതോതിൽ താറാവുകളും കോഴികളും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇതോടെ ഈ മേഖലയെ ആശ്രയി​ച്ച് ഉപജീവനം നടത്തുന്നവർ ഭീതി​യി​ലാണ്.

ദേവികുളങ്ങരയിൽ ഫാമിൽ വളർത്തിയിരുന്ന 350 ഓളം കോഴികളെ നായ്ക്കൾ കടിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. ഞായറാഴ്ച രാത്രിയിലാണ് ദേവികുളങ്ങര പഞ്ചായത്തിൽ പുതുപ്പള്ളി മണിമന്ദിരത്തിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ കൂട് തകർത്ത് അകത്തുകയറിയ തെരുവ് നായ്ക്കൾ 40 ദിവസത്തിലേറെ പ്രായമായ കോഴികളെ കടിച്ചുകുന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടം ഫാമുടമയ്ക്കുണ്ടായി.

ആഗസ്റ്റ് 7ന് താറാവ് കർഷകനായ ചെന്നിത്തല തൃപ്പെരുന്തുറ പറയങ്കേരി പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബി ഫിലിപ്പ് (മോനച്ചൻ) വളർത്തിയിരുന്ന അഞ്ഞൂറോളം താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. എട്ട് മാസം പ്രായം ഉള്ളതും മുട്ടയിട്ടു തുടങ്ങിയതുമായ താറാവുകളാണ് ചത്തത്. മുട്ട ശേഖരിക്കാൻ പുലർച്ചെഷെഡിൽ എത്തിയപ്പോഴാണ് താറാവുകളെ കൊന്നിട്ടിരിക്കുന്നത് ഷോബി കണ്ടത്.രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഷോബിയ്ക്ക് ഉണ്ടായത്.

ഭീതി​യോടെ കർഷകർ

 മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ തെരുവ് നായ ആക്രമണം പതി​വാകുമ്പോഴും അധി​കൃതർക്ക് നി​സ്സംഗത

 പക്ഷി​പ്പനി​യി​ൽ തകർന്ന താറാവ് വളർത്തൽ മേഖല കഷ്ടി​ച്ച് കരകയറി​ വരുമ്പോഴാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഭീഷണി​യാകുന്നത്

 തെരുനായയുടെ ആക്രമണം മൂലമുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്നറിയാതെ കർഷകർ

കർഷകന് നേരിട്ട നഷ്ടം പരിഹരിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണം. .കോടതിയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടും തെരുവുനായ ആക്രമണത്തിൽ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണ്

- എസ്.കെ.നസീർ, ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ