4വനിതാ പ്രസിഡന്റുമാർ തിരികൊളുത്തി, മാന്നാർ ടൗൺ ക്ലബ് ഓഫീസ് തുറന്നു
മാന്നാർ: നാല് ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാർ ഒരുമിച്ച് ഭദ്രദീപം തെളിച്ച് മാന്നാർ ടൗൺ ക്ലബ്ബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 14 വർഷക്കാലമായി ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പടെ മാന്നാറിന്റെ വിവിധ മേഖലകളിൽ നടത്തി വരുന്ന മാന്നാർ ടൗൺ ക്ലബിന്റെ പുതിയ ഓഫീസ് കുറ്റിയിൽ ജംഗ്ഷന് തെക്കുവശമുള്ള കെട്ടിടത്തിൽ ചിങ്ങം 1 നാണ് പ്രവർത്തനം ആരംഭിച്ചത്.
മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിച്ചത്. ടൗൺ ക്ലബ്ബ് പ്രസിഡൻ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രോജക്ട് ഓഫീസറായി നിയമിതനായ ക്ലബ് അംഗം ജി. കൃഷ്ണകുമാറിനെയും ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്തി മാതൃകയാകുന്ന ക്ലബ് അംഗം അൻഷാദ് മാന്നാറിനെയും യോഗത്തിൽ ആദരിച്ചു. സെക്രട്ടറി എസ്.വിജയകുമാർ, പ്രോഗ്രാം കോ ഓർഡനേറ്റർ ഡൊമിനിക്ക് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തിനി ബാലകൃഷ്ണൻ, അജിത് പഴവുർ കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ് , നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.മനോജ്, തോമസ് ചാക്കോ, സതീഷ് ശാന്തിനിവാസ്, അനിൽ മാന്തറ, ഗീവർഗീസ് പി.ജി ജോസ് വി.ചെറി എന്നിവർ സംസാരിച്ചു