അരക്കോടിയുടെ ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ

Tuesday 19 August 2025 1:35 AM IST
ഹുസൈൻ സഹിറുൾ ഇസ്ളാം

ആലുവ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അരക്കോടിയിലേറെ രൂപയുടെ ഹെറോയിനുമായി അസാം സ്വദേശി പിടിയിലായി. അസാം നാഗോൺ ജില്ലയിൽ രൂപാഹി താലൂക്കിൽ ഹുസൈൻ സഹിറുൾ ഇസ്ളാമിനെയാണ് (35) എൻഫോഴ്സ്‌മെന്റ് ആൻ‌ഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

158 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഞായറാഴ്ച രാത്രി ട്രെയിൻ മാർഗം ആലുവയിലെത്തിയ പ്രതി കാലടി ഭാഗത്തേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് പിടിയിലായത്. ചെറിയ കുപ്പികളിലാക്കി 2000 രൂപ മുതൽ 3000 രൂപയ്ക്കാണ് ഇയാൾ ഹെറോയിൻ വില്പന നടത്തുന്നത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എക്സ്. റൂബൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. ശ്രീജിത്ത്, ജിജോ അശോക്, വനിത സിവിൽ എക്സൈസ് ഓഫിസർ ജി. രഞ്ജിനി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.