സി.പി.എമ്മിലെ കത്ത് വിവാദം നേതൃത്വത്തിനിടയിലെ കുടിപ്പക: എം.വി. ഗോവിന്ദനെതിരെ പടയൊരുക്കം

Monday 18 August 2025 9:48 PM IST

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഉയർന്ന കത്ത് വിവാദം കണ്ണൂർ പാർട്ടിയിലെ ഉൾപ്പോരിന്റെ തുടർച്ചയെന്ന് വിലയിരുത്തൽ. യു.കെയിലെ വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്‌ക്കെതിരെ ബി.മുഹമ്മദ് ഷർഷാദ് സി പി.എം നേതൃത്വത്തിന് നൽകിയ രഹസ്യ പരാതി ഡൽഹി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നുള്ള വിവാദമാണ് ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നത്. കണ്ണൂരിലെ വൈദേകം റിസോർട്ടിന്റെ ഉടമസ്ഥതയും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരായ പരാതി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരായ പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം തുടരുന്നതിനിടയിലാണ് കണ്ണൂരിലെ മറ്റൊരു ഉന്നത നേതാവിനെതിരെ പരാതി പൊട്ടിപ്പുറപ്പെട്ടത്, അതിനിടെ വാദത്തിലെ പരാതിക്കാരനായ ഷർഷാദിനെ ഇ.പി.ജയരാജൻ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.മാസങ്ങൾക്കുമുമ്പ് പയ്യന്നൂരിലെ ജ്യോതിഷി മാധവ പൊതുവാളിനെ എം.വി. ഗോവിന്ദൻ സന്ദർശിച്ച വിവരം മാദ്ധ്യമങ്ങൾക്ക് ചിത്രം സഹിതം ചോർന്നുകിട്ടിയ സംഭവത്തിനു പിന്നിലും നേതാക്കളുടെ പോര് സംശയിക്കുന്നു. പുതിയ വിവാദത്തിൽ പാർട്ടി ബന്ധുക്കളായ രാജേഷ് കൃഷ്ണയെയും മുഹമ്മദ് ഷർഷാദിനെയും തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യം സി.പി.എമ്മിന് മുന്നിലുണ്ട്. സർക്കാരുമായും പാർട്ടിയുമായും ബന്ധപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ കോടതി രേഖയാകുന്ന സാഹചര്യത്തിൽ പാർട്ടിക്കും എം.വി.ഗോവിന്ദനും നിലപാട് വ്യക്തമാക്കേണ്ടിവരും.

മക്കൾ വിവാദം തുടർക്കഥ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സെക്രട്ടറി എം.വി.ഗോവിന്ദൻ വരെയുള്ളവരുടെ മക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ പാർട്ടിയെ വിവാദത്തിലാക്കുന്നത് സി.പി.എമ്മിന് ക്ഷീണം സൃഷ്ടിക്കുന്നുണ്ട്. കത്ത് ചോർത്തിയത് എം.വി.ഗോവിന്ദന്റെ മകനാണെന്ന് ഷർഷാദ് പരസ്യമായി ആരോപിച്ചിരിക്കുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. അതേ സമയം അസംബന്ധങ്ങളോട് പ്രതികരിക്കില്ല എന്ന ഗോവിന്ദന്റെ പ്രതികരണം കാര്യങ്ങൾ ലഘൂകരിക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.