കോപ്പാലത്ത് റോഡിലെ കുഴിയിൽ വീണത് മൂന്ന് സ്‌കൂട്ടറുകൾ ; ട്രാഫിക് നിയന്ത്രിച്ച് കുഴിയടപ്പിച്ച് പൊലീസ്

Monday 18 August 2025 9:54 PM IST

തലശ്ശേരി : മൂന്നോളം സ്കൂട്ടറുകൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് പന്തക്കൽ പൊലീസിന്റെ നിർദ്ദേശാനുസരണം

മാഹിയുടെ അതിർത്തി പ്രദേശമായ കോപ്പാലത്ത് രൂപപ്പെട്ട അപകടക്കുഴി പൊതുമരാമത്ത് വകുപ്പ് അടച്ചു.

തലശേരി പാനൂർ റൂട്ടിലെ പ്രധാന തിരക്കേറിയ റോഡിൽ ദിനം പ്രതി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതിനെ തുടർന്നാണ് പൊലീസ് അടിയന്തിരമായി ഇടപെട്ടത്.

ഞായറാഴ്ച വൈകീട്ട് സ്ത്രീയടക്കം മൂന്ന് പേർ ഇവിടെ കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നു. ഒരാളുടെ മൊബൈൽ ഫോണും കുഴിയിലെ വെള്ളത്തിൽ വീണ് നഷ്ടമായി. ഇതോടെ പന്തക്കൽ എസ്.ഐ പി.ഹരിദാസ് പൊതുമരാമത്ത് വകുപ്പിനെ ബന്ധപ്പെടുകയും ഉടൻ അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഇന്നലെ രാവിലെ 11 മണിയോടെ പൊതുമരാമത്ത് വകുപ്പ് ജോലിക്കാരെത്തി ക്വാറി വേസ്റ്റിട്ട് കുഴി നികത്തി. എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ ഗതാഗതം നിയന്ത്രിച്ചാണ് കുഴി താത്ക്കാലികമായി അടച്ചത്.

ടാറിംഗ് നടന്നത് പത്തുവർഷം മുമ്പ്

കുഴിയടക്കൽ ചടങ്ങ്

ഇവിടെ റോഡ് ടാറിംഗ് നടത്തിയിട്ട് 10 വർഷം കഴിഞ്ഞു. കുഴികൾ രൂപപ്പെടുമ്പോൾ മാഹി പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ താത്ക്കാലികമായി റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് അടയ്ക്കുകയാണ് പതിവ്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടും.ഈ റോഡിൽ വേറെ പലയിടത്തും കുഴികളുണ്ട്. ഇവയിലും വെള്ളം കെട്ടികിടന്ന് യാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. ഇന്റർലോക്ക് പാകി അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുന്നത്.