പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ തൂണുകളിൽ ഇടിച്ചുമറിഞ്ഞു
ഇരിട്ടി : ഊരുചുറ്റാൻ വിദ്യാർത്ഥികൾ വാടകക്കെടുത്ത കാർ നിയന്ത്രണം വിട്ട് സുരക്ഷാതൂണുകളിൽ ഇടിച്ചു മറിഞ്ഞു.വാഹനം ഏകദേശം തകർന്നെങ്കിലും അകത്തുണ്ടായിരുന്നവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു ഇരിട്ടി കൂട്ടുപുഴ റോഡിൽ ബേൺഹിൽ സ്കൂളിനും കേളൻ പീടികക്കും ഇടയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം .
വാഹനത്തിൽ സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. അമിത വേഗതയിൽ വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സുരക്ഷാ തൂണുകളിൽ ഇടിച്ചുമറിയുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ആറോളം തൂണുകൾ തകർത്ത ശേഷമാണ് വാഹനം മറിഞ്ഞത്. തലകീഴായി മറിഞ്ഞ് തകർന്ന കാറിൽ നിന്നും നാലുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ നാലുപേരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഉച്ചക്ക് ശേഷം നടക്കുന്ന ഹയർസെക്കൻഡറി ഓണപരീക്ഷയ്ക്ക് രാവിലെ എത്തിയ കുട്ടികൾ സുഹൃത്തിന്റെ കാറിൽ വീട്ടുകാരും അദ്ധ്യാപകരും അറിയാതെ കറങ്ങാൻ പോയതായിരുന്നു. അപകടത്തിൽ പെട്ട വാഹനം പൊലീസെത്തി മാറ്റി. പ്രാഥമിക ചികിത്സക്ക് ശേഷം ഒരാൾ ഒഴികെ മറ്റ് മൂന്ന് പേരും വീടുകളിലേക്ക് മടങ്ങി. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പാലോട്ടുപള്ളി സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.